ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ അടുത്ത ആഴ്ച അവസാനത്തോടെ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). അസീര്‍ പ്രവിശ്യയിലെ അല്‍-നമാസ്, അല്‍-മജാര്‍ദ, റിജാല്‍ അല്‍മ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജിസാന്‍, അസീര്‍, അല്‍-ബാഹ, മക്ക എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നലോടും ആലിപ്പഴ വര്‍ഷത്തോടും കൂടിയ കനത്ത മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മക്ക മേഖലയിലെ അല്‍-അര്‍ദിയാത്തില്‍ ഇടത്തരം മഴ പ്രവചിച്ച് ഓറഞ്ച് അലര്‍ട്ടും, അസീറിലെ അല്‍-ബിര്‍ക്, ജിസാനിലെ ഫറസാന്‍ എന്നിവിടങ്ങളില്‍ ലഘുവായ മഴയ്ക്ക് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കൂടാതെ നജ്റാനിലും മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അല്‍-നൈരിയ, ഹഫര്‍ അല്‍-ബാത്തിന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും, ദഹ്‌റാനില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. റിയാദ്, മദീന, ദമാം, ബുറൈദ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിയാദില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും അറിയിപ്പിലുണ്ട്.
വരുന്ന ബുധനാഴ്ചയോടെ ജിസാന്‍, അസീര്‍ മേഖലകളില്‍ മഴ കൂടുതല്‍ ശക്തമാകും. മണിക്കൂറില്‍ 10 മുതല്‍ 50 മില്ലീമീറ്ററോ അതില്‍ കൂടുതലോ പെയ്യുന്ന കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള കാറ്റിനും, ശക്തമായ ആലിപ്പഴ വര്‍ഷത്തിനും, കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രതികൂല കാലാവസ്ഥ അടുത്ത ആഴ്ച അവസാനം വരെ തുടരാനാണ് സാധ്യതയെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Related News