റിയാദ്- സൗദി ടൂറിസം അതോറിറ്റിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) അഖീല്‍ അല്‍-ഷൈബാനിയെ നിയമിച്ച് ഭരണസമിതി ഉത്തരവിറക്കി. സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു.
വിവിധ മേഖലകളിലെ തന്ത്രപ്രധാന ഭരണപരിചയവും ദേശീയ ടൂറിസം നയങ്ങള്‍ രൂപീകരിക്കുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും മുന്‍നിര്‍ത്തിയാണ് നിയമനം. ടൂറിസം മന്ത്രാലയത്തില്‍ സ്ട്രാറ്റജിക് പ്ലാനിങ് ആന്‍ഡ് ഫോളോ-അപ്പ് അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
മുമ്പ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫൗണ്ടേഷനില്‍ ('മിസ്‌ക്') സ്ട്രാറ്റജി ചീഫായും മക്കിന്‍സി ആന്റ് കമ്പനിയില്‍ അസോസിയേറ്റ് പാര്‍ട്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ആരോഗ്യ മന്ത്രാലയത്തിലെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ആരോഗ്യ, പൊതുജനസേവന മേഖലകളില്‍ ദീര്‍ഘകാല പരിചയമുണ്ട്.
സൗദി ടൂറിസം അതോറിറ്റി, സൗദി റെഡ് സീ അതോറിറ്റി, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള ഭവന പദ്ധതിയുടെ ആദ്യ ഘട്ട വികസനത്തിലും മുന്‍സിപ്പല്‍ സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
സൗദിയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് നിയമനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
Related News