ഷാർജ: നെസ്റ്റോ സൂപ്പർമാർക്കറ്റ്, ഗൾഫ് മാധ്യമം, ഈസ്റ്റേൺ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ആവേശകരമായ വനിതാ വടംവലി മത്സരത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ (AJPS) വനിതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംഘടനയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു. യു.എ.ഇ-യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വനിതാ ടീമുകൾ മാറ്റുരച്ച കഠിനമായ പോരാട്ടത്തിനൊടുവിലാണ് സമാജത്തിന്റെ വനിതാ മല്ലന്മാർ ഒന്നാം സ്ഥാനത്തിന്റെ പൊൻതൂവൽ അണിഞ്ഞത്.
തുടക്കം മുതൽ ഒടുക്കം വരെ കാണികളെ ആവേശത്തിന്റെ മുനയിൽ നിർത്തിയ മത്സരത്തിൽ, മികച്ച കൈക്കരുത്തും ഒത്തൊരുമയും പുറത്തെടുത്താണ് ആലപ്പുഴയുടെ വനിതാ ടീം എതിരാളികളെ നിഷ്പ്രഭമാക്കിയത്. പ്രവാസലോകത്തെ വലിയൊരു ജനക്കൂട്ടത്തെ സാക്ഷിനിർത്തി നടന്ന ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസും സംഘാടകർ വിതരണം ചെയ്തു.
സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ കായികരംഗത്തെ ഈ വലിയ നേട്ടം പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തങ്ങളുടെ ജീവകാരുണ്യ വിഭാഗമായ 'ആലപ്പി കെയർ' പദ്ധതിയിലൂടെ പ്രവാസികൾക്ക് താങ്ങായി മാറുന്ന സമാജത്തിന്, കായികവേദിയിലെ ഈ വിജയം വലിയൊരു ഊർജ്ജമാണ് നൽകുന്നതെന്ന് സമാജം ഭാരവാഹികൾ വ്യക്തമാക്കി.
വിജയികളായ വനിതാ ടീം അംഗങ്ങളെയും അവർക്ക് പിന്തുണ നൽകിയ കൺവീനർ ഉൾപ്പെടെയുള്ള മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും സമാജം ഭാരവാഹികൾ അഭിനന്ദിച്ചു. വരും ദിവസങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം കായികരംഗത്തും സമാജത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു.
ടീം ക്യാപ്റ്റൻ സജിന നൂറനാട്, വൈസ് ക്യാപ്റ്റൻ സൗമ്യ ആലപ്പുഴ, വനിതാവിങ് ചെയർപേഴ്സൺ ശ്രീകല രഞ്ജു, ടിൻറു ജേക്കബ് എന്നിവർ വനിതാ ടീമിന് നേതൃത്വം നൽകി.
മത്സരങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിന് ചീഫ് കോഡിനേറ്റർ രഞ്ജുരാജ് വലിയകുളങ്ങര, സെക്രട്ടറി രാജേഷ് ഉത്തമൻ, റഹീസ് കാർത്തികപ്പള്ളി, ശരത് കായംകുളം, റോജി ചെറിയാൻ, മീഡിയവിങ് കൺവീനർ ചന്ദ്രജിത്ത് കായംകുളം എന്നിവരും, ഗ്രൂപ്പിൽ നിന്നുള്ള നിരവധി അംഗങ്ങളും പിന്തുണയുമായി എത്തിയിരുന്നു.
Related News