ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ച സമൂഹമാധ്യമത്തില്‍ കമന്റ് പോസ്റ്റ് ചെയ്തതിന് കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഐ.എ.എസിന് തുല്യമായ പദവിയിലിരുന്ന ഉദ്യോഗസ്ഥന്‍ ആശിഷ് ജോഷിയെയാണ് മണിക്കൂറുകളോളം കാണാതായത്. അദ്ദേഹത്തിന്റെ ടെലിഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായതിനാല്‍ കുടുംബവും സുഹൃത്തുക്കളും പരിഭ്രാന്തിയിലായി. ജനാധിപത്യ രാജ്യത്ത് ഒരു സോഷ്യല്‍ മീഡിയ കമന്റിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വ്യക്തി അപ്രത്യക്ഷനാവുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍ അഭിപ്രായപ്പെട്ടു.
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെ മുന്‍ കണ്‍ട്രോളര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സുമായിരുന്ന അശിഷ് ജോഷിയെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെ അദ്ദേഹത്തെ വിട്ടയക്കുകയും പൊലീസ് വാഹനത്തില്‍ വീട്ടിലെത്തിക്കുകയും ചെയ്തു.
രണ്ട് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ചാണക്യപുരിയില്‍ നിന്ന് ജോഷിയെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കലാപത്തിന് പ്രേരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയോ അതിന് സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടോ പ്രകോപനപരമായ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തുന്ന ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 192 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംബന്ധിച്ച് ജോഷി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളിലെ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിനായാണ് ചോദ്യം ചെയ്തതെന്നും, വിശദീകരണം പരിശോധിച്ച ശേഷമാണ് വിട്ടയച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ആണ്. രാവിലെ നെഹ്‌റു പാര്‍ക്കില്‍ നടക്കാനിറങ്ങിയിരുന്ന ജോഷിയെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയെന്നും, മണിക്കൂറുകളോളം അദ്ദേഹത്തിന്റെ വിവരമൊന്നും ലഭിക്കാതിരുന്നതായും ദീക്ഷിത് എക്‌സിലൂടെ ആരോപിച്ചു.
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. ചോദ്യം ചെയ്യലിന്റെ നടപടിക്രമങ്ങളിലും വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കൂടുതല്‍ സുതാര്യത വേണമെന്ന ആവശ്യവും ഉയര്‍ന്നു.
വൈകിട്ടോടെ നിരവധി പേര്‍ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ സ്‌പെഷ്യല്‍ സെല്ലിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റിന് മുന്നില്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സുരക്ഷ കണക്കിലെടുത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ജോഷിയെ പൊലീസ് വാഹനത്തില്‍ വീട്ടിലെത്തിച്ചത്.
'ഇപ്പോള്‍ വീട്ടിലെത്തി. ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ എന്നെ വീട്ടിലെത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും,' -വീട്ടിലെത്തിയ ശേഷം ജോഷി എക്‌സില്‍ കുറിച്ചു.
Related News