ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍ (TPA) സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളുടെയും വിപുലമായ ജനപങ്കാളിത്തത്തിന്റെയും അകമ്പടിയോടെ പ്രൗഢഗംഭീരമായി അരങ്ങേറി. ജിദ്ദയിലെ തിരുവനന്തപുരം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും സാംസ്‌കാരിക ഐക്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷപരിപാടികള്‍.
കേരളത്തിന്റെ തനത് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിറപ്പകിട്ടാര്‍ന്ന ഓര്‍മ്മകള്‍ സമ്മാനിച്ച പൂക്കളം, തിരുവാതിര, ഗാന-നൃത്ത പരിപാടികള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ടി.പി.എ സാംസ്‌കാരിക സെക്രട്ടറി സോഫിയ സുനിലിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂര്‍വം പരിപാടികളില്‍ പങ്കെടുത്തു.
ചടങ്ങില്‍ ടി.പി.എ. പ്രസിഡന്റ് ഹുസൈന്‍ ബാലരാമപുരം, ജനറല്‍ സെക്രട്ടറി അസ്ലം പനവൂര്‍, ചെയര്‍മാന്‍ നസീമുദ്ദീന്‍ മണനാക്ക്, രക്ഷാധികാരി സിറാജ് വടശേരിക്കോണം, ജീവകാരുണ്യ കണ്‍വീനര്‍ അന്‍വര്‍ കല്ലമ്പലം എന്നിവര്‍ പ്രസംഗിച്ചു. ഓണത്തിന്റെ സന്ദേശമായ സ്‌നേഹവും സാഹോദര്യവും ഐക്യവും ജീവിതത്തില്‍ പകര്‍ത്തണമെന്നും പ്രവാസ ലോകത്ത് സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സക്കീര്‍ ഹുസൈനെയും, 'ദി ഡ്രീം' എന്ന നോവല്‍ രചിച്ച് സാഹിത്യരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച യുവപ്രതിഭ മാസ്റ്റര്‍ അമാനെയും ടി.പി.എ.യുടെ നേതൃത്വത്തില്‍ മെമന്റോ നല്‍കി ആദരിച്ചു.
ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്‌കാരിക ഐക്യവും പ്രവാസി സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി ടി.പി.എയുടെ ഓണാഘോഷം മാറി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ആഘോഷം ജിദ്ദയിലെ തിരുവനന്തപുരം പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി.
പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സംഘാടകസമിതി അംഗങ്ങളെയും, പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ടി.പി.എ. ഭാരവാഹികള്‍ അഭിനന്ദിച്ചു.