ദുബായ്: ഗള്‍ഫ് മേഖലയില്‍ യു.എസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ വിമാന സര്‍വീസുകള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. പ്രമുഖ എയര്‍ലൈനുകള്‍ സമയക്രമത്തിലും യാത്രാപാതകളിലും മാറ്റം വരുത്തിത്തുടങ്ങി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളിലൊന്നാണ് ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും ലക്ഷ്യമിട്ട് യു.എസ് സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ, മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി തുടങ്ങി. യു.എഇ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ആര്‍മി വ്യക്തമാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി യു.എസ് നടത്തിയ ബോംബാക്രമണത്തില്‍ ഇറാന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 19 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇറാന്റെ തിരിച്ചടി. ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് അനുകൂല കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതേത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കിയിട്ടുണ്ട്. കുവൈത്തിലേക്കും ബഹ്റൈനിലേക്കും വന്ന ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധ സേന വ്യോമമധ്യേ തകര്‍ത്തു.
ആക്രമണത്തെ തുടര്‍ന്ന് വ്യോമയാനം, കപ്പല്‍ ഗതാഗതം, ഇന്ധനവില എന്നിവയെല്ലാം കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഹൊര്‍മൂസ് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് യു.എസ് നാവികസേന സുരക്ഷയൊരുക്കുന്നുണ്ടെങ്കിലും ഗതാഗതം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.
വിമാന സര്‍വീസുകളില്‍ മാറ്റം, യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: സുരക്ഷ മുന്‍നിര്‍ത്തി ദുബായില്‍ നിന്നുള്ള പല വിമാന സര്‍വീസുകളും റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്: എമിറേറ്റ്‌സ്: ദുബായ് - ബസ്ര സര്‍വീസ് റദ്ദാക്കി. എയര്‍ അറേബ്യ: യു.എ.ഇയില്‍ നിന്ന് കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഫ്രാന്‍സ്: ദുബായിലേക്കുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ 4 വരെയും, ദുബായില്‍ നിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ 5 വരെയും നിര്‍ത്തിവെച്ചു. ഇത്തിഹാദ്, ഫ്‌ലൈദുബായ്: സര്‍വീസുകള്‍ നിലവില്‍ തുടരുന്നുണ്ടെങ്കിലും സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് യാത്രചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണമെന്നും ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
റഷ്യന്‍ വ്യോമപാതയിലും ആശങ്ക
മറുവശത്ത്, ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയതോടെ റഷ്യന്‍ വ്യോമപാതയിലൂടെയുള്ള യാത്രയും അപകടകരമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വ്യോമയാന സംഘടനയെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഇത് സംബന്ധിച്ച ആശങ്ക അറിയിച്ചു. എന്നാല്‍ റഷ്യന്‍ വ്യോമപാത സുരക്ഷിതമാണെന്നാണ് മോസ്‌കോയുടെ വാദം. നിലവില്‍ ചൈന, തുര്‍ക്കി, യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ റഷ്യന്‍ വ്യോമപാത ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡ്രോണ്‍ ഭീഷണിയെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തിരുന്നു.
Related News