ലണ്ടന്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ടു യുവതികള്‍ മലയാളിയായ സുഹൃത്തിനാല്‍ കൊല്ലപ്പെട്ടതിന്റെ ഞടുക്കം മാറും മുന്‍പെ യുകെയിലും സമാന സംഭവം. യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ദമ്പതികള്‍ അറസ്റ്റിലായ സംഭവമാണ് വീണ്ടും പ്രവാസി മലയാളികള്‍ക്ക് ആഘാതമായത്.
യുകെയിലെ സൗത്താംപ്ടണിലെ പോര്‍ട്സ്വുഡിലാണ് മലയാളി യുവാവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ 36 വയസ്സുകാരനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൗത്താംപ്ടണില്‍ താമസിക്കുന്ന മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷം പോര്‍ട്സ്വുഡിലെ ബ്രൂക്ക്വെയില്‍ റോഡിലെ ഫ്‌ലാറ്റിലാണ് സംഭവം നടന്നത്. വയറിന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ പാരാമെഡിക്കുകള്‍ ഉടനടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ഹാംപ്ഷയര്‍ പൊലീസ് അറിയിച്ചു.
38 വയസ്സുകാരനായ പുരുഷനെ കൊലപാതകശ്രമത്തിനും, 29 വയസ്സുകാരിയായ സ്ത്രീയെ കുറ്റകൃത്യത്തിന് സഹായം നല്‍കിയതിനുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് ആയുധം കണ്ടെടുത്ത പൊലീസ് ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി. പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരമുള്ളവര്‍ ഹാംപ്ഷയര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News