ബിഷ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശി സൗദി അറേബ്യയിലെ ബിഷയില്‍ നിര്യാതനായി. ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശി ധനേഷ് ചൗധരി (52) ആണ് മരിച്ചത്. ബിഷയ്ക്ക് സമീപമുള്ള സമക്കില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 28 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്ന ധനേഷ് ചൗധരി, മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. മൂന്ന് മക്കളുണ്ട്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍, റിയാദിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹമെന്ന് വ്യക്തമായതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. തുടര്‍ന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാം എന്ന് കമ്പനി മാനേജര്‍ ഉറപ്പുനല്‍കുകയും ചെയ്തു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ജിദ്ദ കോണ്‍സുലേറ്റ് സി.സി.ഡബ്ല്യു.എ അംഗവും ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് പാതിരപറമ്പന്‍ കൊണ്ടോട്ടിയെ കോണ്‍സുലേറ്റ് ചുമതലപ്പെടുത്തിയിരുന്നു. ബന്ധുക്കളില്‍ നിന്നുള്ള പവര്‍ ഓഫ് അറ്റോര്‍ണിയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമായിട്ടുണ്ട്. തുടര്‍ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അബ്ദുല്‍ അസീസ് അറിയിച്ചു.
Related News