കുവൈത്ത് സിറ്റി: മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കുന്ന തരത്തില്‍ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളെ കുവൈത്ത് രൂക്ഷമായി അപലപിച്ചു. സംഘര്‍ഷം അയവരുത്താനും പിരിമുറുക്കം കുറയ്ക്കാനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള നീക്കങ്ങളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഇറാനിയന്‍ ആക്രമണങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടി ഇറാന്‍ ശക്തമാക്കിയതോടെ, രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും വ്യോമസേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. കുവൈത്തിലെ അഹമ്മദ് അല്‍-ജാബര്‍ എയര്‍ ബേസ്, യു.എ.ഇയിലെ അല്‍-മിന്‍ഹാദ് എയര്‍ ബേസ് എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് മേഖലയില്‍ ആക്രമണം കടുത്തത്. കുവൈത്ത്, ജോര്‍ദാന്‍, യു.എ.ഇ, ബഹ്റൈന്‍, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. അതേസമയം, ഇറാന്റെ കുഹെസ്തക് തീരദേശ നഗരത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 50-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു.
സംഘര്‍ഷം വ്യാപിച്ചതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെടുകയും ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൗദി അറേബ്യ ആശങ്ക രേഖപ്പെടുത്തി. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെയും ആഗോള ഊര്‍ജ്ജ വിതരണത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും സൗദിയും ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടു.
Related News