ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) രാജ്യത്തിന്റെ ആദ്യ ജിയോസിന്‍ക്രണസ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-05 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വിഎഫ്17 റോക്കറ്റിലൂടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൗമ ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ഇമേജിംഗ് ഉപഗ്രഹമാണിത്.
ഇന്ത്യയുടെ നിലവിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും താഴ്ന്ന ഭ്രമണപഥത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവ ഒരു പ്രദേശത്തിന്റെ മുകളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയൂ. എന്നാല്‍ ഇ.ഒ.എസ് 05 ഒരേ പ്രദേശത്തെ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ്. അതിനാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍, ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം, കാട്ടു തീ, കൃഷി, തീരപ്രദേശങ്ങള്‍ എന്നിവ തത്സമയം നിരീക്ഷിക്കാന്‍ ഈ ഉപഗ്രഹത്തിന് കഴിയും.
ദേശീയ സുരക്ഷയുടെ കാര്യത്തിലും ഇത് നിര്‍ണായകമാണ്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍, സമുദ്രമേഖലകള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവ കൂടുതല്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. അതിര്‍ത്തികളിലെ അസാധാരണ നീക്കങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ഐ.എസ്.ആര്‍.ഒയ്ക്ക് ഈ ദൗത്യം മറ്റൊരു കാരണത്താലും നിര്‍ണായകമായിരുന്നു. 2021ല്‍ സമാന ലക്ഷ്യത്തോടെ വിക്ഷേപിച്ച ജിസാറ്റ്-1 ക്രയോജനിക് ഘട്ടത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ 2026 ജനുവരിയില്‍ പി.എസ്.എല്‍.വി ഉപയോഗിച്ചുള്ള ഇ.ഒ.എസ് എന്‍1 ദൗത്യവും പരാജയപ്പെട്ടിരുന്നു. ഈ തിരിച്ചടികള്‍ക്ക് ശേഷമുള്ള വിജയകരമായ വിക്ഷേപണം ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക മികവും വിശ്വാസ്യതയും വീണ്ടും തെളിയിക്കുന്ന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഉപഗ്രഹം സ്വന്തം പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ അന്തിമ ഭ്രമണപഥത്തിലെത്തിക്കും. പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഭൗമനിരീക്ഷണ ശേഷിയില്‍ ഗണ്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ. ഈ ദൗത്യവിജയം രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായും വിലയിരുത്തപ്പെടുന്നു.
Related News