ന്യൂദല്‍ഹി -ഹിന്ദുത്വ ശക്തികളാല്‍ വധിക്കപ്പെട്ട യുക്തിവാദി പണ്ഡിതന്‍ എം.എം. കല്‍ബുര്‍ഗിയുടെയും മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെയും കേസുകള്‍ ഇഴയുന്നു. കല്‍ബുര്‍ഗി വധിക്കപ്പെട്ട് പതിനൊന്നും ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് എട്ടും വര്‍ഷമായി. രണ്ട് സംഭവങ്ങളുടെയും വാര്‍ഷികമായിരുന്നു ഈയാഴ്ച. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി സ്വതന്ത്രരായി വിലസുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണയുടെ കാലതാമസം വീണ്ടും ചര്‍ച്ചയാകുകയാണ്. ഇരുവരുടെയും കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും വര്‍ഷങ്ങളായി വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
2015 ഓഗസ്റ്റ് 30ന് കര്‍ണാടകയിലെ ധാര്‍വാഡിലെ വസതിക്കു മുന്നില്‍ വെച്ചാണ് പ്രശസ്ത സാഹിത്യകാരനും മുന്‍ ഹംപി സര്‍വകലാശാല വൈസ് ചാന്‍സലറുമായ എം.എം. കല്‍ബുര്‍ഗിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. അന്ധവിശ്വാസങ്ങള്‍, വിഗ്രഹാരാധന, മതമൗലികവാദം എന്നിവയെ വിമര്‍ശിച്ചിരുന്ന അദ്ദേഹത്തിന്റെ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
രണ്ടുവര്‍ഷത്തിന് ശേഷം, 2017 സെപ്റ്റംബര്‍ 5ന് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടുമുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയം, ജാതിവ്യവസ്ഥ, വ്യാജവാര്‍ത്തകള്‍ എന്നിവയെ വിമര്‍ശിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
ഇരു കേസുകളുടെയും അന്വേഷണത്തില്‍ കര്‍ണാടക പ്രത്യേക അന്വേഷണസംഘം നിരവധി പേരെ അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍, ഈ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും, സമാന ആയുധപരിശീലനവും ഗൂഢാലോചനാ ശൃംഖലയും ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും ആരോപിക്കുന്നു. സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ള ചിലരെ ഉള്‍പ്പെടെ നിരവധി പ്രതികള്‍ക്കെതിരെയാണ് ഗൂഢാലോചന, കൊലപാതകം, ആയുധനിയമ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.
വിചാരണ നടപടികള്‍ സാക്ഷികളുടെ എണ്ണം, ഹര്‍ജികള്‍, ജാമ്യാപേക്ഷകള്‍, നടപടിക്രമങ്ങളിലെ കാലതാമസം എന്നിവ കാരണം വര്‍ഷങ്ങളായി നീണ്ടുപോകുകയാണ്. ഇതിനിടെ പ്രതികള്‍ ഓരോരുത്തരായി വിവിധ കോടതികളില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി.
നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളും ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട വ്യക്തികളുടെ കൊലപാതകങ്ങളില്‍ വിചാരണ ഇത്രയും വൈകുന്നത് ജനാധിപത്യത്തിന് ആശങ്കാജനകമാണെന്നും അവര്‍ പറയുന്നു.
യുക്തിവാദികളായ നരേന്ദ്ര ദാഭോല്‍ക്കര്‍ (2013), ഗോവിന്ദ് പന്‍സാരെ (2015), എം.എം. കല്‍ബുര്‍ഗി (2015), ഗൗരി ലങ്കേഷ് (2017) എന്നിവരുടെ വധങ്ങളില്‍ സമാന പ്രവര്‍ത്തനരീതിയും പ്രതിശൃംഖലയും അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും, നാല് കേസുകളുടെയും അന്തിമ നിയമപരമായ തീര്‍പ്പ് ഇന്നും ഉണ്ടായിട്ടില്ല. ഇതോടെ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ ഈ കൊലപാതകങ്ങളിലെ നീതിന്യായ നടപടികളുടെ വേഗത വീണ്ടും പൊതുചര്‍ച്ചയാകുകയാണ്.
Related News