കൊച്ചി/ജിദ്ദ: കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിഗ് ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ, അവതാരക അപര്‍ണ കുറുപ്പിന് നേരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചര്‍ച്ചയിലെ വസ്തുതകള്‍ വളച്ചൊടിച്ചും അവതാരകയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും സോഷ്യല്‍ മീഡിയ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചു, ജീവന് ഭീഷണി ഉയര്‍ത്തുംവിധം ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ആഹ്വാനം ചെയ്തു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. ചര്‍ച്ചയുടെ ഭാഗങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവതാരക മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അബ്ദുല്ല ബാസില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ തനിക്കെതിരെ വന്‍തോതില്‍ വധഭീഷണിയും സൈബര്‍ ആക്രമണവും ഉണ്ടായെന്നും, താന്‍ മാപ്പ് പറഞ്ഞിട്ടും ആക്രമണം തുടര്‍ന്നു എന്നും അപര്‍ണ കുറുപ്പ് പരാതിയില്‍ പറയുന്നു.
കേസ് റദ്ദാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍
അബ്ദുല്ല ബാസിലിനെതിരെയുള്ള പോലീസ് നടപടി കടുത്ത വിവേചനമാണെന്നും വ്യാജ പരാതിയിലാണ് തിടുക്കപ്പെട്ട് കേസെടുത്തിരിക്കുന്നതെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് ആരോപിച്ചു. ചര്‍ച്ചയില്‍ ഇസ്ലാമിനെ പരിഹസിച്ച അവതാരകയ്‌ക്കെതിരെ നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. അബ്ദുല്ല ബാസിലിന്റെ പോസ്റ്റിന് താഴെ മറ്റാരോ ഇട്ട കമന്റുകളുടെ പേരില്‍ കേസെടുത്തത് ഇരട്ടത്താപ്പാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരിഫ് ഹുസൈനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ വിവാദങ്ങളുടെ മറവില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ്
അബ്ദുല്ല ബാസിലിനെതിരായ എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വ്യക്തമാക്കി. വര്‍ഗീയത പറയുന്നവരെ സംരക്ഷിക്കില്ല, എന്നാല്‍ വര്‍ഗീയ നിലപാടുകള്‍ തുറന്നുകാണിച്ചതിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി: ജെ.ഡി.സി.സി
ജിദ്ദ: ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകയില്‍ നിന്നുണ്ടായ വിദ്വേഷ പരാമര്‍ശങ്ങളെ ആശയപരമായി ഖണ്ഡിച്ച വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പോലീസ് നടപടി തികഞ്ഞ അനീതിയും ഭരണഘടനാ വിരുദ്ധവുമാണെന്ന് ജിദ്ദാ ദഅ്വ കോര്‍ഡിനേഷന്‍ കമ്മിറ്റി (ജെ.ഡി.സി.സി.) ്പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം എന്നത് ആര്‍ക്കെതിരെയും എന്തും പറയാനുള്ള ലൈസന്‍സല്ല. അന്യായമായ ഈ നടപടി പിന്‍വലിച്ച് ചാനല്‍ മാപ്പ് പറയണമെന്നും, പോലീസ് കേസ് റദ്ദാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങള്‍ മാധ്യമരംഗത്തുനിന്ന് ഉണ്ടാകരുത്.
ടി.ആര്‍.പി.യും കച്ചവട താല്പര്യങ്ങളും മുന്‍നിര്‍ത്തി നടക്കുന്ന ഇത്തരം അനീതികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്ത ജെ.ഡി.സി.സി., സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Related News