റിയാദ്: സ്വകാര്യ കമ്പനികള്‍ വിദേശ രാജ്യങ്ങള്‍ക്ക് ഔട്ട്സോഴ്സ് ചെയ്തിരിക്കുന്ന തൊഴിലവസരങ്ങള്‍ തിരികെ സൗദി അറേബ്യയിലെ സേവന ദാതാക്കളിലേക്ക് എത്തിക്കുന്നതിനുള്ള വഴികള്‍ പഠിച്ചുവരികയാണെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍-മുസല്ലം അറിയിച്ചു. ദുബായില്‍ നടന്ന 'എ.ഐ.എം കോണ്‍ഗ്രസി'നിടെ ബ്ലൂംബെര്‍ഗിന്റെ 'അഷര്‍ഖ് ബിസിനസിന്' നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിവരസാങ്കേതികവിദ്യ, കോള്‍ സെന്ററുകള്‍, അക്കൗണ്ടിംഗ്, ഹ്യൂമന്‍ റിസോഴ്സ് (എച്ച്.ആര്‍), ഡാറ്റാ വിശകലനം, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഔട്ട്സോഴ്സിംഗ് മേഖലയില്‍ ഉള്‍പ്പെടുന്നത്. ഈ സേവനങ്ങള്‍ പ്രാദേശികവത്കരിക്കുന്നതിലൂടെ വിവിധ തലങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, അറിവും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാനും, രാജ്യത്തിന്റെ പ്രവര്‍ത്തന പരമാധികാരം കൂടുതല്‍ ശക്തമാക്കാനും സാധിക്കും.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ പ്രൊഫഷണല്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സേവനങ്ങളുടെ ഇറക്കുമതിക്കായി സൗദി അറേബ്യ ഏകദേശം 800 കോടി റിയാല്‍ ചെലവഴിച്ചിട്ടുണ്ട്.
ഗുണനിലവാരം, കുറഞ്ഞ ചിലവ്, വിദഗ്ദ്ധരുടെ ലഭ്യത, വേഗത്തിലുള്ള സേവനം തുടങ്ങിയ കാരണങ്ങളാല്‍ കമ്പനികള്‍ എന്തിനാണ് പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് പകരം വിദേശ ഏജന്‍സികളെ ആശ്രയിക്കുന്നതെന്ന് ഈ പഠനം പരിശോധിക്കുന്നുണ്ട്. കൂടാതെ 12 മുതല്‍ 24 മാസത്തിനുള്ളില്‍ ഈ സേവനങ്ങള്‍ പ്രാദേശിക ദാതാക്കളിലേക്ക് മാറ്റാന്‍ കമ്പനികള്‍ എത്രത്തോളം സന്നദ്ധമാണെന്നും പഠനം വിലയിരുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2030-ഓടെ ജി.ഡി.പി സംഭാവന 65 ശതമാനമാക്കും
2030-ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) സ്വകാര്യ മേഖലയുടെ പങ്കാളിത്തം 65 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അല്‍-മുസല്ലം പറഞ്ഞു. നിലവില്‍ സ്വകാര്യ മേഖലയുടെ വിഹിതം 52 ശതമാനത്തോളം എത്തിയിട്ടുണ്ട്.
എന്നാല്‍, തദ്ദേശീയമായ വൈദഗ്ധ്യത്തിന്റെ കുറവ്, ഉയര്‍ന്ന ചിലവ്, സേവനങ്ങള്‍ മാറുമ്പോഴുണ്ടാകുന്ന തടസ്സങ്ങള്‍, ഡാറ്റാ കൈമാറ്റത്തിലെ സങ്കീര്‍ണ്ണത എന്നിവയാണ് ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ സ്വദേശിവത്കരിക്കുന്നതിന് മുന്നിലുള്ള പ്രധാന തടസ്സങ്ങളെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തദ്ദേശീയ ഉല്‍പ്പാദനവും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍. 10 ദശലക്ഷം റിയാലോ അതില്‍ കൂടുതലോ തുക പ്രതീക്ഷിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കണ്‍സള്‍ട്ടന്‍സി ടെന്‍ഡറുകളില്‍ 2027 ഏപ്രില്‍ മുതല്‍ കുറഞ്ഞത് 30 ശതമാനം തദ്ദേശീയ വിഹിതം (ലോക്കല്‍ കണ്ടന്റ്) നിര്‍ബന്ധമാക്കുമെന്ന് ലോക്കല്‍ കണ്ടന്റ് ആന്‍ഡ് ഗവണ്‍മെന്റ് പ്രൊക്യുര്‍മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 2028 ജനുവരി മുതല്‍ 5 ദശലക്ഷം റിയാല്‍ വരെയുള്ള ടെന്‍ഡറുകള്‍ക്കും ഇത് ബാധകമാകും.
Related News