റിയാദ്: അല്‍-ഖസീം മേഖലയുടെ ഹൃദയഭാഗത്ത്, ആഴത്തിലുള്ള ചുവപ്പുനിറവും മൃദുവാര്‍ന്നതും മധുരവുമുള്ള ഒരു അപൂര്‍വ്വ ഈന്തപ്പഴ ഇനം കാര്‍ഷിക വിപണിയില്‍ വന്‍തരംഗം സൃഷ്ടിക്കുന്നു. അല്‍-മിഥ്‌നബ് ഗവര്‍ണറേറ്റിന്റെ മണ്ണില്‍ മാത്രം വിളയുന്ന 'റെഡ് സുക്കരി' എന്ന ഈ സവിശേഷ ഈന്തപ്പഴമാണ് ഇത്തവണത്തെ വിളവെടുപ്പുകാലത്തെ പ്രധാന ആകര്‍ഷണം. മറ്റു പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ഈ ഇനം, അല്‍-മിഥ്‌നബിന്റെ സവിശേഷമായ കാര്‍ഷിക പ്രതിഭയുടെ സാക്ഷ്യമാണ്.
3,200-ലധികം ഫാമുകളും പത്ത് ലക്ഷത്തോളം ഈന്തപ്പനകളും 70-ലധികം വൈവിധ്യമാര്‍ന്ന ഈന്തപ്പഴ ഇനങ്ങളുമുള്ള അല്‍-മിഥ്‌നബ്, സൗദി അറേബ്യയുടെ കാര്‍ഷിക രംഗത്തെ കരുത്താണ്. ഇത്തവണ റെഡ് സുക്കരിയുടെ ഉല്‍പ്പാദനം 2,500 ടണ്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍-മിഥ്‌നബ് ഗവര്‍ണര്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-സുദൈസ് വ്യക്തമാക്കി. പ്രിന്‍സ് സുല്‍ത്താന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന റെഡ് സുക്കരി ഫെസ്റ്റിവല്‍ സന്ദര്‍ശിച്ച ഖസീം ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ്, റെഡ് സുക്കരിയെ മേഖലയുടെ സാമ്പത്തിക വികസനത്തിന്റെ പ്രധാന പ്രേരകശക്തിയെന്ന് വിശേഷിപ്പിക്കുകയും ഈന്തപ്പഴങ്ങളില്‍ നിന്നുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംരംഭകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
മണ്ണും വെയിലും തീര്‍ത്ത 'മൈക്രോ-തെറൊവാര്‍' മാജിക്
ഒരു പ്രദേശത്തെ മണ്ണ്, സൂര്യപ്രകാശം, കാറ്റ്, നിലത്തടിയിലെ വെള്ളം എന്നിവയുടെ അപൂര്‍വ്വ കൂട്ടായ്മയാണ് (മൈക്രോ-തെറൊവാര്‍) റെഡ് സുക്കരിക്ക് ഈ സവിശേഷ രുചിയും ഗുണവും നല്‍കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍-അമ്മാര്‍ പറഞ്ഞു. അല്‍-മിഥ്‌നബിലെ ഒരു ഫാമില്‍ നിന്ന് കണ്ടെത്തിയ ഈ ഇനം മറ്റിടങ്ങളില്‍ കൃഷി ചെയ്തപ്പോള്‍ ഇത്രയും മികവ് കാട്ടിയില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്‍ഡ് ഡേറ്റ്‌സിന്റെ 'സീസണല്‍ മാര്‍ക്കറ്റ്‌സ് പ്ലാറ്റ്‌ഫോം' വഴിയാണ് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഇവയുടെ വില്‍പ്പന നടക്കുന്നത്.
പഴമയില്‍ നിന്ന് പുതുമയിലേക്ക്: ഈന്തപ്പഴ ഐസ്‌ക്രീമും പോപ്പ്‌കോണും!
ഈ വിളവെടുപ്പുകാലം മേഖലയിലെ യുവാക്കള്‍ക്കും വലിയ തൊഴിലവസരങ്ങളാണ് തുറന്നുനല്‍കുന്നത്. ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സൗദിയുടെ അല്‍-മിഥ്‌നബ് ഉല്‍പ്പന്നങ്ങളെ ആഗോള വിപണിയിലെത്തിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങുന്നു.
കേവലം പഴമായി കഴിക്കുന്നതിനപ്പുറം റെഡ് സുക്കരി ഉപയോഗിച്ച് സിറപ്പുകള്‍, ഐസ്‌ക്രീം, ഈന്തപ്പഴ പോപ്പ്‌കോണ്‍, ഈന്തപ്പഴം നിറച്ച മുതബ്ബഖ്, മഅ്മൂല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അല്‍-മിഥ്‌നബ് ഡേറ്റ് ഫെസ്റ്റിവല്‍ എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഈ കാര്‍ഷികമേളയെ 'റെഡ് സുക്കരി' എന്ന ഒരൊറ്റ ബ്രാന്‍ഡിലേക്ക് കേന്ദ്രീകരിച്ചത് കര്‍ഷകരുടെ വരുമാനത്തിലും വിപണി മൂല്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.