ജിദ്ദ: നവംബര്‍ അവസാന വാരത്തില്‍ ജിദ്ദാ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള 'മജ്ലിസുല്‍ ഇല്‍മ്' സെപ്തംബര്‍ 11 വെള്ളിയാഴ്ച ഷറഫിയ്യ ഖാലിദ് ബിന്‍ വലീദിലുള്ള അനസ് ബിന്‍ മാലിക് സെന്ററില്‍ നടക്കും. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം നാലുമണി വരെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവിയുമായ ശൈഖ് അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി 'വ്യതിചലിച്ച കക്ഷികള്‍' എന്ന വിഷയത്തില്‍ പ്രമാണബദ്ധമായ പഠനത്തിന് നേതൃത്വം നല്‍കും.
മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം പരലോക മോക്ഷമാണ്. അതിന്നാവശ്യമായ നിയമനിര്‍ദേശങ്ങള്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) അത് ലോകത്തിന് കൃത്യമായി വിശദീകരിച്ചു കൊടുക്കുകയും, ഉത്തമ നൂറ്റാണ്ടുകളിലെ സലഫുകള്‍ (മുന്‍ഗാമികള്‍) തങ്ങളുടെ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ച് ലോകത്തിന് പകര്‍ന്നുനല്‍കുകയും ചെയ്തിട്ടുണ്ട്.
ആ ലക്ഷ്യത്തിലേക്ക് നടന്നെത്താനുള്ള ഏക മാര്‍ഗം 'സ്വിറാത്വുല്‍ മുസ്തഖീം' (നേരായ മാര്‍ഗം) മാത്രമാണ്. അത് തിരിച്ചറിയണമെങ്കില്‍ തെറ്റായ മാര്‍ഗങ്ങള്‍ ഏതാണെന്ന കൃത്യമായ ബോധ്യം അനിവാര്യമാണ്. അഹ്ലുസ്സുന്നയാണെന്ന അവകാശവാദത്തോടെ നിരവധി വ്യതിയാന കക്ഷികള്‍ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ അഖീദ (വിശ്വാസം) യഥാര്‍ത്ഥ അഹ്ലുസ്സുന്നക്ക് എതിരാണെന്നും, അവര്‍ സ്വിറാത്വുല്‍ മുസ്തഖീമിന് പുറത്താണെന്നും പ്രമാണബദ്ധമായി പണ്ഡിതന്മാര്‍ വിശദീകരിച്ചു തന്നിട്ടുണ്ട്.
ഇന്ന് ലോകത്തിലെ വലിയൊരു വിഭാഗം മുസ്ലിംകള്‍ തങ്ങളുടെ നായകന്മാരായും പോരാളികളായുമൊക്കെ ചിത്രീകരിക്കുന്ന ചില ഗ്രൂപ്പുകള്‍ ഇത്തരം വ്യതിചലിച്ച കക്ഷികളില്‍പ്പെട്ടവരാണ്. യഥാര്‍ത്ഥ അഹ്ലുസ്സുന്നയിലും സ്വിറാത്വുല്‍ മുസ്തഖീമിലും നമ്മുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താന്‍, അവരെ തിരിച്ചറിയേണ്ടതും അഹ്ലുസ്സുന്നയില്‍ നിന്നുള്ള അവരുടെ വ്യതിയാനവും അപകടവും മനസ്സിലാക്കേണ്ടതും അനിവാര്യമാണ്.
വിശാലമായ ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന പഠന പരിപാടിയുടെ ഒന്നാം ഘട്ടമായാണ് ജെ.ഡി.സി.സി. മജ്ലിസുല്‍ ഇല്‍മ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 0535618598 / 0509299816 / 0561562092 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Related News