ന്യൂദല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് നാളെ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമാകും. സെപ്റ്റംബര്‍ 12, 13 തീയതികളിലാണ് ഉച്ചകോടി. 2026ലെ ബ്രിക്‌സ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. പ്രതിരോധ ശേഷി, പുതുമ, സഹകരണം, സ്ഥിരത-.യോജിപ്പിന്റെ മേഖലകള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആഗോള ഭരണസംവിധാനത്തില്‍ പരിഷ്‌കാരം, ബഹുസ്വരത ശക്തിപ്പെടുത്തല്‍, വികസനം, സുസ്ഥിരത, നവീകരണം എന്നിവയാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയങ്ങള്‍.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, ഇന്തോനേഷ്യ, യു.എ.ഇ., സൗദി അറേബ്യ എന്നിവയാണ് വിപുലീകരിച്ച ബ്രിക്‌സ് കൂട്ടായ്മയിലെ രാജ്യങ്ങള്‍. എന്നാല്‍ എല്ലാ രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരും നേരിട്ട് പങ്കെടുക്കുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. യു.എ.ഇയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രതിനിധീകരിക്കും. സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിനെ അയക്കും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പങ്കെടുക്കില്ല.
ഭക്ഷ്യഊര്‍ജ സുരക്ഷ, ആരോഗ്യരംഗം, ദുരന്തപ്രതിരോധം, നിര്‍ണായക വിതരണശൃംഖലകള്‍, വ്യാപാരംനിക്ഷേപം, സാങ്കേതികവിദ്യ, ആഗോള ഭരണപരിഷ്‌കാരം തുടങ്ങിയവയാണ് പ്രധാന അജന്‍ഡ. അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ബ്രിക്‌സ് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികളെ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍ദേശവും ചര്‍ച്ചയിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ബ്രിക്‌സ് ഇന്‍ക്യുബേറ്റര്‍ നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ ഫണ്ട്, ലോജിസ്റ്റിക്‌സ് സഹകരണ സംവിധാനം എന്നിവയും മുന്നിലെത്തും.
എന്നാല്‍ ഏറ്റവും വലിയ പരീക്ഷണം പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ്. ഇറാനും യു.എ.ഇയും തമ്മിലുള്ള കടുത്ത ഭിന്നത ബ്രിക്‌സിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം സൃഷ്ടിച്ചിട്ടുണ്ട്. മേയില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ കഴിയാതിരുന്നതും ഇതിന്റെ സൂചനയാണ്. അതിനാല്‍ ഇത്തവണ സംയുക്ത പ്രഖ്യാപനം ഉണ്ടാകുമോ എന്നത് നിര്‍ണായകമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും നേതാക്കള്‍ ഒത്തുതീര്‍പ്പ് ഭാഷ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
ബ്രിക്‌സിന്റെ വലുപ്പം വര്‍ധിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ലോക ജനസംഖ്യയുടെ ഏകദേശം പകുതിയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു വിഹിതവും പ്രതിനിധീകരിക്കുന്ന കൂട്ടായ്മയായി ബ്രിക്‌സ് മാറിയെങ്കിലും ചൈനയുടെ സാമ്പത്തിക മേല്‍ക്കൈ, റഷ്യ-പാശ്ചാത്യ സംഘര്‍ഷം, ഇറാന്‍-യു.എ.ഇ ഭിന്നത, ഡോളറിന് പകരമുള്ള സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത നിലപാടുകള്‍ എന്നിവ കൂട്ടായ്മയുടെ ഏകോപനശേഷിക്ക് വെല്ലുവിളിയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉച്ചകോടി ആഗോള ദക്ഷിണത്തിന്റെ ശബ്ദം ശക്തിപ്പെടുത്താനും ചൈനയുമായും റഷ്യയുമായും ഉയര്‍ന്നതല നയതന്ത്രബന്ധം മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തികസാങ്കേതിക സഹകരണം വര്‍ധിപ്പിക്കാനും വലിയ അവസരമാണ്. വ്യത്യസ്ത താല്‍പര്യങ്ങളുള്ള 11 രാജ്യങ്ങളെ ഒരേ രാഷ്ട്രീയ നിലപാടിലേക്ക് കൊണ്ടുവരുന്നതില്‍ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തിന് ലഭിക്കുന്ന പരീക്ഷണവുമാകും ഡല്‍ഹി ഉച്ചകോടി
Related News