കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ (89) അന്തരിച്ചു. കോതമംഗലം മാതിരപ്പള്ളി സ്വദേശിയായ ശാന്തകുമാരന്‍ നായര്‍ കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. എല്‍.ഐ.സി സോണല്‍ മാനേജരായാണ് വിരമിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ കോതമംഗലത്തെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ടി.എന്‍. സാവിത്രി ദേവിയാണ് ഭാര്യ. ശ്രീശാന്തിനെ കൂടാതെ ദീപുശാന്ത്, നിവേദിത, ദിവ്യ എന്നീ മക്കളുണ്ട്. പിന്നണി ഗായകന്‍ മധു ബാലകൃഷ്ണനാണ് ദിവ്യയുടെ ഭര്‍ത്താവ്.
ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിലെ ഉയര്‍ച്ചകളും പ്രതിസന്ധികളും തിരിച്ചുവരവും അടുത്തുനിന്ന് കണ്ട വ്യക്തിയായിരുന്നു പിതാവ് ശാന്തകുമാരന്‍ നായര്‍.
ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയനായ ഫാസ്റ്റ് ബൗളറായി വളര്‍ന്ന ശ്രീശാന്തിന്റെ ജീവിതത്തില്‍ കുടുംബത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. 2006ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശ്രീശാന്ത് പിന്നീട് ഏകദിനത്തിലും ട്വന്റി20യിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. 2007ലെ ഫൈനലില്‍ പാകിസ്താന്‍ ജയത്തിലേക്ക് പോവുന്ന ഘട്ടത്തില്‍ മിസ്ബാഹുല്‍ ഹഖിന്റെ നിര്‍ണായക ക്യാച്ചെടുത്തത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ശ്രീശാന്തിന്റെ കരിയറിലെ ഓര്‍മിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നാണ്.
മകന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും ശാന്തകുമാരന്‍ നായര്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. 2013ലെ ഐ.പി.എല്‍. സ്‌പോട്ട് ഫിക്‌സിങ് കേസില്‍ ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുടുംബം ശക്തമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോയത്. 2015ല്‍ ഡല്‍ഹി കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പിതാവ് ശാന്തകുമാരന്‍ നായര്‍ ദൈവത്തിന് നന്ദി അറിയിക്കുകയും മകന്റെ നിരപരാധിത്വത്തില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
2013ല്‍ ബി.സി.സി.ഐ. ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്നീട് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പുനഃപരിശോധിക്കപ്പെട്ടു. 2019ല്‍ ബി.സി.സി.ഐ. വിലക്ക് ഏഴ് വര്‍ഷമായി കുറച്ചു. 2020 സെപ്റ്റംബറില്‍ വിലക്ക് അവസാനിച്ചതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ അവസരം ലഭിച്ചു. 2021ല്‍ കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയ അദ്ദേഹം 2022 മാര്‍ച്ചില്‍ ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
Related News