റിയാദ്: റിയാദ്, മദീന മേഖലകളില്‍ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഉണ്ടായ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ ഇതിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഊര്‍ജ മന്ത്രാലയം വെളിപ്പെടുത്തി. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് പൈപ്പ് ലൈനിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ അടിയന്തര, സാങ്കേതിക വിദഗ്ദ്ധ സംഘങ്ങളെ ഉടന്‍ തന്നെ സ്ഥലത്തേക്ക് നിയോഗിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പൈപ്പ് ലൈന്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതെന്നും, ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാഖിന്റെ അഭ്യര്‍ത്ഥന മാനിച്ച് സൗദി തിരിച്ചടി നല്‍കില്ല
ഇറാഖ് പ്രദേശത്തുനിന്നും വിക്ഷേപിച്ച ഡ്രോണുകളാണ് പൈപ്പ് ലൈന്‍ ആക്രമിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ ഘട്ടത്തില്‍ തിരിച്ചടി നല്‍കേണ്ടതില്ലെന്ന് രാജ്യം തീരുമാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
സൗദിക്കും അയല്‍രാജ്യങ്ങള്‍ക്കുമെതിരെ ഇറാഖി മണ്ണില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ സഹോദരരാജ്യമായ ഇറാഖി സര്‍ക്കാരിന് ആവശ്യമായ അവസരം നല്‍കുമെന്ന് സൗദി വ്യക്തമാക്കി. എങ്കിലും രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യയില്‍ നിക്ഷിപ്തമാണെന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.
സൗദിയുടെ ഈ നിലപാടിനെ ഇറാഖ് സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ അനൗദ്യോഗിക മിലീഷ്യകളെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്താന്‍ അടിയന്തര അന്വേഷണത്തിന് ഇറാഖ് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഏതെങ്കിലും രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് സ്വന്തം മണ്ണോ വ്യോമപാതയോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബാഗ്ദാദ് വ്യക്തമാക്കി.
ഇതിന് പുറമെ, ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദിയിലെ അബ്ഹ, ഖമീസ് മുശൈത്, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാരുടെയും ഊര്‍ജ മേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. തെക്കന്‍ മേഖലയിലെ എണ്ണ കേന്ദ്രങ്ങളിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 സാധാരണക്കാരുടെ പരിക്കിന് ഇടയാക്കിയ ഈ ആക്രമണങ്ങളെ സൗദിയെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന ശക്തമായി അപലപിച്ചു. ഈ ഭീഷണികളെ ചെറുക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യസേന വ്യക്തമാക്കി.
Related News