ദുബായ്: ആഗോള വ്യാപാര-ലോജിസ്റ്റിക്‌സ് രംഗത്തെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഒക്ടോബര്‍ 1 മുതല്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ (DWC) നിന്ന് പ്രത്യേക ചരക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഫ്‌ലൈ ദുബായ് അധികൃതര്‍ അറിയിച്ചു. ദുബായ് സൗത്ത് ആസ്ഥാനമായുള്ള 'സോളിറ്റയര്‍' കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഒക്ടോബര്‍ 1 മുതല്‍ ഡി.ഡബ്ല്യു.സി വിമാനത്താവളത്തില്‍ നിന്ന് ബോയിങ് 737-800 വിഭാഗത്തില്‍ പെട്ട 3 ചരക്ക് വിമാനങ്ങളാവും സര്‍വീസിന് ഉപയോഗിക്കുക.
ഓരോ സര്‍വീസിലും 23,000 കിലോഗ്രാം ചരക്ക് കൊണ്ടുപോകാം. ആഫ്രിക്ക, മധ്യേഷ്യ, യൂറോപ്പ്, ജി.സി.സി രാജ്യങ്ങള്‍, ദക്ഷിണേഷ്യ ഉള്‍പ്പെടെ 125-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനം ലഭ്യമാക്കും.
ലോജിസ്റ്റിക്‌സ് രംഗത്തെ പുതിയ കുതിപ്പ്
നിലവിലുള്ള 98 പാസഞ്ചര്‍ വിമാനങ്ങളുടെ അടിവശത്തുള്ള കാര്‍ഗോ സംവിധാനങ്ങള്‍ക്ക് പുറമേയാണ് ഈ പുതിയ ചരക്ക് വിമാനങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നത്. ഭാവിയില്‍ 30 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ കൂടി ഫ്‌ലീറ്റിലെത്തുന്നതോടെ കാര്‍ഗോ ശേഷി ഇരട്ടിയാകും. കൂടാതെ, 2029-ഓടെ പാസഞ്ചര്‍ വിമാനങ്ങളെ ചരക്ക് വിമാനങ്ങളാക്കി മാറ്റുന്ന പദ്ധതികളും കമ്പനിയുടെ പരിഗണനയിലുണ്ട്.
മരുന്നുകള്‍, പെട്ടെന്ന് നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, ജീവനുള്ള മൃഗങ്ങള്‍, എയറോസ്‌പേസ് ഘടകങ്ങള്‍, എക്‌സ്പ്രസ് കൊറിയറുകള്‍ തുടങ്ങിയ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ചരക്കുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ പുതിയ സര്‍വീസുകളിലൂടെ സാധിക്കും.
'ദുബായെ ലോകത്തെ ഏറ്റവും മികച്ച വ്യാപാര-ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള 'ഡി33' (D33) പദ്ധതിക്ക് കരുത്ത് പകരുന്നതാണ് ഫ്‌ലൈദുബായിയുടെ ഈ പുതിയ ചുവടുവെപ്പ്' ഫ്‌ലൈദുബായ് സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു.
Related News