ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു. 54 കാരനായ അബ്ദുല്‍ കലാം സത്താറിന്റെയും 43 കാരനായ രാജേന്ദ്ര കുമാറിന്റെയും മൃതദേഹങ്ങളാണ് ലഖ്‌നൗ വിമാനത്താവളത്തില്‍ എത്തിച്ചത്.
സൗദിയില്‍ വര്‍ഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുല്‍ കലാം സത്താര്‍ പത്ത് വര്‍ഷത്തോളമായി നാട്ടില്‍ പോയിരുന്നില്ല. അടുത്ത മാസം മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ദിബിയ പ്രദേശത്ത് വാഹനത്തിന്റെ ക്യാബിന്റെ പിന്‍വശത്ത് തൂങ്ങിമരിച്ച നിലയിലാണ് അബ്ദുല്‍ കലാം സത്താറിനെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി. പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സ്‌പോണ്‍സര്‍ വഹിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. തുടര്‍ന്ന് എംബസി ഇടപെട്ട് എംബാമിംഗ് ഉള്‍പ്പെടെയുള്ള ആവശ്യമായ ചെലവുകള്‍ ഏറ്റെടുത്ത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
അതേസമയം, സൗദിയിലെത്തിയിട്ട് ഏകദേശം ആറ് മാസം മാത്രമായിരുന്ന രാജേന്ദ്ര കുമാര്‍ കിംഗ് ഖാലിദ് മിലിറ്ററി ക്യാമ്പിനുള്ളിലെ മുറിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന്‍ പ്രസിഡന്റ് വിബിന്‍ മറ്റത്ത് പൂര്‍ത്തിയാക്കി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
Related News