കൊച്ചി: കേരളം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയെ തളര്‍ച്ചയായി കാണാതെ സമഗ്രമായ ഒരു വൈദ്യുതി നയവും പവര്‍ മാനേജ്‌മെന്റും രൂപീകരിക്കാനുള്ള സുവര്‍ണാവസരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കൊച്ചിയിലെ ജെ.എല്‍.എന്‍. സ്റ്റേഡിയത്തില്‍ നടക്കുന്ന കോറെന്‍ എനര്‍ജി എക്‌സ്‌പോ 2026 എനര്‍ജി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 4445 മെഗാവാട്ടില്‍ നിന്ന് 2026 സെപ്റ്റംബറിലേക്ക് എത്തിയപ്പോള്‍ ഡിമാന്‍ഡില്‍ 920 മെഗാവാട്ടിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം മാത്രം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കേരളം ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും, നിലവില്‍ 13,000 കോടി രൂപയോളം വരുന്ന വൈദ്യുതി വാങ്ങല്‍ ചെലവ് ഈ വര്‍ഷം 16,000 കോടി കവിയാന്‍ സാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ ഹൈഡല്‍ പവറിനെ മാത്രം ആശ്രയിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വെള്ളം നല്‍കിയതും, സൈലന്റ് വാലി, നര്‍മ്മദ വിഷയങ്ങളും പരിസ്ഥിതി-പുനരധിവാസ പ്രശ്‌നങ്ങളും കാരണം ജലവൈദ്യുത പദ്ധതികള്‍ പരിമിതപ്പെട്ടതും, തെര്‍മല്‍ പവറിനുള്ള ജനസാന്ദ്രതാ പരിമിതികളും, കൂടങ്കുളത്തും ചീമേനിയിലും അടക്കം ഉയര്‍ന്ന ആണവോര്‍ജ സമരങ്ങളും കേരളത്തിന് മുന്നില്‍ നോണ്‍-കണ്‍വെന്‍ഷണല്‍, റിന്യൂവബിള്‍ എനര്‍ജിയിലേക്ക് തിരിയേണ്ടതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുന്‍കാലങ്ങളിലെ തെറ്റായ വൈദ്യുതി കരാര്‍ തീരുമാനങ്ങളും നടപടിക്രമങ്ങളിലെ വീഴ്ചകളും കാരണം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്ന പ്രതിസന്ധികള്‍ ഈ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു.
ട്രാന്‍സ്മിഷന്‍ നഷ്ടം എട്ടു ശതമാനത്തിന് താഴെയായി കുറയ്ക്കാനും വൈദ്യുതി മോഷണം തടയാനും കഴിഞ്ഞത് വലിയ നേട്ടമാണ്. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുക, റൂഫ് ടോപ്പ് സോളാര്‍ പദ്ധതികള്‍ വ്യാപകമാക്കുക, കമ്മ്യൂണിറ്റി ലെവല്‍ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ നടപ്പിലാക്കുക, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗും പമ്പ് സെറ്റുകളുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുക, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ സമഗ്ര നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം സാധാരണക്കാരുടെ ഇടയിലും വര്‍ധിച്ച എയര്‍ കണ്ടീഷണര്‍ ഉപയോഗവും, ഭാവിയില്‍ സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വ്യവസായ മേഖലകളുടെ കടന്നുവരവിലൂടെ ഉണ്ടാകാനിരിക്കുന്ന വന്‍ ഊര്‍ജ ആവശ്യകതയും മുന്‍കൂട്ടി കണ്ടുകൊണ്ട് ഒക്ടോബര്‍ മാസത്തില്‍ പുതിയ പവര്‍ പോളിസി കൊണ്ടുവരുമെന്നും, സോളാര്‍ മേഖലയെ വെറുമൊരു സേവനമായല്ല, മറിച്ച് ഒരു വ്യവസായമായി കണ്ട് അതിലെ തടസ്സങ്ങള്‍ നീക്കി നിക്ഷേപകരെ നാടിന്റെ ബന്ധുക്കളായി പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2030-31 വര്‍ഷങ്ങളിലെ ഡിമാന്‍ഡ് പ്രൊജക്ഷന്‍ കൂടി കണക്കിലെടുത്ത് കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്ന ആധുനിക വൈദ്യുതി നയം അതിവേഗം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ ഹൈബി ഈഡന്‍ എം.പി, ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.