കോഴിക്കോട്: വന്‍കരകളെ സൗഹൃദത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം കോഴിക്കോട് മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലെത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായുള്ള തന്റെ ആത്മബന്ധം പുതുക്കാനാണ് അദ്ദേഹം മര്‍കസിലെത്തിയത്.
വൈകീട്ട് അഞ്ച് മണിയോടെ ഔദ്യോഗിക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വൈകീട്ട് 5:50-ഓടെ മര്‍കസ് കോമ്പൗണ്ടിലെത്തിയ അദ്ദേഹത്തിന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. നയതന്ത്ര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കൂടിക്കാഴ്ചയും ആദരവുകളും
മര്‍കസ് ദിവാന്‍ ഓഫീസില്‍ വെച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കണ്ട അന്‍വര്‍ ഇബ്റാഹീം, 'യാ ശൈഖ്...' എന്ന് അഭിസംബോധന ചെയ്ത് സ്നേഹത്തോടെ ആലിംഗനം ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ മലബാരി പതിപ്പും, തേക്ക് തടിയില്‍ നിര്‍മിച്ച പ്രത്യേക ആദര പുരസ്‌കാരവും, തന്റെ ആത്മകഥയായ 'വണ്‍ ടൈം, വണ്‍ ലൈഫ്' എന്ന കൃതിയും നല്‍കി കാന്തപുരം അദ്ദേഹത്തെ സ്വീകരിച്ചു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തനിക്ക് ഗുരുതുല്യനായ കാന്തപുരത്തോടുള്ള ആത്മീയവും വ്യക്തിപരവുമായ അടുപ്പമാണ് പ്രധാനമന്ത്രിയായ ശേഷവും അന്‍വര്‍ ഇബ്‌റാഹീമിനെ വീണ്ടും മര്‍കസിലേക്ക് നയിച്ചത്. ദിവാന്‍ ഓഫീസില്‍ നടന്ന ഉന്നതതല കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വാണിജ്യ-വ്യാപാര ബന്ധങ്ങളും മതകാര്യ വിഷയങ്ങളും ചര്‍ച്ചയായി.
തുടര്‍ന്ന് മര്‍കസ് സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഔദ്യോഗിക സ്വീകരണത്തിലും വിരുന്നിലും പങ്കെടുത്ത ശേഷം അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി എം വലിയുല്ലാഹി മഖാം സന്ദര്‍ശനത്തിനായി പുറപ്പെട്ടു.