റോഹ്താസ്: 2014ല്‍ മരിച്ചെന്ന് കരുതപ്പെട്ട യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ ബിഹാറില്‍ ഒരു കൊലക്കേസിന് നാടകീയ വഴിത്തിരിവ്. ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ ഒരു ദശാബ്ദത്തിന് ശേഷമാണ് ജീവനോടെ കണ്ടെത്തിയത്. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ വര്‍ഷങ്ങളോളം നിയമനടപടി നേരിട്ട ഭര്‍ത്താവിനും കുടുംബത്തിനും മുന്നില്‍ ഇപ്പോള്‍ പുതിയ ചോദ്യങ്ങളാണ്്.
2014ല്‍ ശകുന്തളാദേവിയെ കാണാതായത്. ദിവസങ്ങള്‍ക്കു ശേഷം ഒരു സ്ത്രീയുടെ മൃതദേഹം പൊലീസ് കനാലില്‍നിന്ന് കണ്ടെത്തി. ശകുന്തളയുടെ സഹോദരനും പ്രദേശത്തെ ചൗക്കിദാറും മൃതദേഹം ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആദ്യം സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കൊലക്കേസായി മാറുകയായിരുന്നു.
ശകുന്തള ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിടുന്നതായി കുടുംബത്തെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഭര്‍ത്താവ് അരുണ്‍ മേത്ത, പിതാവ് ദിലീപ്, സഹോദരന്‍ ഗോവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അരുണ്‍ ജയില്‍വാസം അനുഭവിക്കുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്നതിനായി കുടുംബത്തിന് പണം നല്‍കേണ്ടിവന്നതായും ഇതിന് പൂര്‍വിക സ്വത്ത് വിറ്റതായും കുടുംബത്തിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു.
വര്‍ഷങ്ങളോളം ശകുന്തള മരിച്ചെന്നായിരുന്നു കുടുംബവും പൊലീസും കരുതിയത്. എന്നാല്‍ ഏകദേശം രണ്ട് മാസം മുമ്പ് ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ ഇവര്‍ ജീവിച്ചിരിക്കുന്നതായി ഭര്‍തൃപിതാവിന് വിവരം ലഭിച്ചു. കുടുംബാംഗങ്ങള്‍ അവിടെയെത്തി സ്ത്രീയെ തിരിച്ചറിഞ്ഞെങ്കിലും ഭയത്തെ തുടര്‍ന്ന് അപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ലെന്നാണ് അഭിഭാഷകന്‍ ഷഹ്നവാസ് അഹമ്മദ് പറയുന്നത്.
തുടര്‍ന്ന് റോഹ്താസ് എസ്.പി.യെ കുടുംബം സമീപിച്ചു. അന്വേഷണത്തില്‍ ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലെ കാന്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ലബ്ഹാരി ഗ്രാമത്തില്‍ സ്ത്രീയെ കണ്ടെത്തി. അവിടെ അവര്‍ കാന്തി ദേവി എന്ന പേരിലാണ് താമസിച്ചിരുന്നതെന്നും റട്ടു സിങ് എന്ന വ്യക്തിക്കൊപ്പമായിരുന്നെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് അവരെ റോഹ്താസിലേക്ക് കൊണ്ടുവന്ന് സസാരാമിലെ കോടതിയില്‍ ഹാജരാക്കി.
ശകുന്തളയെ ജീവനോടെ കണ്ടെത്തിയതോടെ 2014ല്‍ കനാലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നതാണ് പ്രധാന ചോദ്യം. സഹോദരന്‍ എങ്ങനെയാണ് മൃതദേഹം ശകുന്തളയുടേതെന്ന് തിരിച്ചറിഞ്ഞത് എന്നതും പൊലീസ് പരിശോധിക്കുന്നു.
ശകുന്തളയ്‌ക്കെതിരെയും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടുകാരെ വ്യാജമായി കുടുക്കിയെന്നും തട്ടിപ്പിലും ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കുണ്ടെന്നുമുള്ള ആരോപണങ്ങളിലാണ് നടപടി.
Related News