ഹൈദരാബാദ്: നടന്‍ നാഗാര്‍ജുനയുടെ മരുമകളും നിര്‍മാതാവുമായ സുപ്രിയ യാര്‍ലഗഡ്ഡെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമാക്കിയത് തെലുങ്ക് സിനിമയില്‍ ചര്‍ച്ചയായി. ബി.ജെ.പിയോട് ആഭിമുഖ്യമുള്ളവരാണ് പുതിയ കമ്മിറ്റിയിലുള്ളവരേറെയും. മലയാളത്തില്‍നിന്ന് പ്രിയദര്‍ശനും കമ്മിറ്റിയിലുണ്ട്. കമ്മിറ്റിയില്‍ തെലുങ്ക് സിനിമയുമായി ബന്ധമുള്ള ഏക വ്യക്തിയാണ് സുപ്രിയ. പ്രീതി സിന്‍ഡ, പങ്കജ് ത്രിപാഠി, സുനില്‍ ഷെട്ടി, രൂപാലി ഗാംഗുലി, മുന്‍ ബി.ജെ.പി എം.പി കൂടിയായ ഹന്‍സ് രാജ് ഹന്‍സ്, റിക്കി കെജ് എന്നിവരാണ് മറ്റംഗങ്ങള്‍. സുപ്രിയ അറിയപ്പെടുന്ന നിര്‍മാതാവാണെങ്കിലും ഇതുവരെ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ അവരെ ഫിലിം ബോര്‍ഡിലുള്‍പ്പെടുത്തിയത് നാഗാര്‍ജുന കുടുംബം ബി.ജെ.പിയോട് അടുക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്.
ഫിലിം സര്‍ട്ടിഫിക്കേഷന്റെ പുതിയ 18 അംഗ ബോര്‍ഡില്‍ തെലുങ്ക് സിനിമാ മേഖലയില്‍നിന്നുള്ള ഏക പ്രതിനിധിയാണ് സുപ്രിയ. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. തെലുങ്ക് സിനിമാ മേഖലയിലെ നിര്‍മാതാവും സജീവ സാന്നിധ്യവുമായ സുപ്രിയ നേരത്തെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ ആഭിമുഖ്യം കാണിച്ചിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയെന്ന നിലയിലും അവര്‍ പൊതുവില്‍ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന ഫിലിം ബോഡിയില്‍ ലഭിച്ച നിയമനം സിനിമാ മേഖലയ്ക്കുള്ളില്‍ കൗതുകമുണ്ടാക്കിയിട്ടുണ്ട്.
നാഗാര്‍ജുനയും പൊതുവെ രാഷ്ട്രീയത്തില്‍നിന്ന് അകലം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി, മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തുടങ്ങിയ ബി.ജെ.പി നേതാക്കളുമായി അദ്ദേഹത്തിന് സൗഹൃദബന്ധങ്ങളുണ്ട്.
2024ല്‍ ഹൈദരാബാദിലെ എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുനീക്കിയ സംഭവമാണ് നാഗാര്‍ജുനയുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് മറ്റൊരു പശ്ചാത്തലം. കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്നത്തെ തെലങ്കാന സര്‍ക്കാരിന് കീഴിലുള്ള ഹൈദരാബാദ് ദുരന്തനിവാരണ ആസ്തി സംരക്ഷണ ഏജന്‍സിയാണ് നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള സെന്ററിനെതിരെ നടപടി സ്വീകരിച്ചത്. തമ്മിടികുണ്ട തടാകത്തിന്റെ ഫുള്‍ ടാങ്ക് ലെവല്‍, ബഫര്‍ സോണ്‍ എന്നിവിടങ്ങളില്‍ കയ്യേറ്റം നടന്നെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചുവെന്നും സുപ്രിയയെ ഫിലിം സര്‍ടിഫിക്കേഷന്‍ കമ്മിറ്റിയിലെടുത്തത് ബന്ധം സുദൃഢമാക്കാനുള്ള ശ്രമമാണെന്നുമാണ് തുലുങ്ക് സിനിമയിലെയും രാഷ്ട്രീയത്തിലെയും അണിയറ സംസാരം.
Related News