വാഷിംഗ്ടണ്‍: വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളായ സി.എന്‍.എന്‍, എം.എസ്.നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍ വന്നു. ശനിയാഴ്ച രാവിലെ ജോലിക്കായി എത്തിയ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശന പാസുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി മാധ്യമ സ്ഥാപനങ്ങള്‍ നിയമനടപടികളിലേക്ക് നീങ്ങി.
തനിക്കെതിരെയുള്ള വിമര്‍ശന വാര്‍ത്തകളെയും 'വ്യാജ വാര്‍ത്ത' പരാമര്‍ശങ്ങളെയും തുടര്‍ന്ന് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ശനിയാഴ്ച രാവിലെ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചു.
പ്രവേശന പാസുകള്‍ പിടിച്ചെടുത്തു: പതിവുപോലെ ജോലിക്കായി വൈറ്റ് ഹൗസിലെത്തിയഎം.എസ്.നൗ ലേഖിക അകാല ഗാര്‍ഡ്‌നര്‍, സി.എന്‍.എന്‍ പ്രതിനിധി ബെറ്റ്‌സി ക്ലീന്‍, പൊളിറ്റിക്കോയുടെ ഷെയന്‍ ഹാസ്ലെറ്റ് എന്നിവരുടെ സുരക്ഷാ ബാഡ്ജുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. സുരക്ഷാ ചെക്ക്‌പോയിന്റില്‍ പാസ് പ്രവര്‍ത്തിക്കാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ ബാഡ്ജുകള്‍ കൈമാറാന്‍ ആവശ്യപ്പെടുക
നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുത്തനെ ഇടിയുകയും ഇറാന്‍ യുദ്ധവും ഇന്ധന വിലക്കയറ്റവും ഭരണകൂടത്തിന് തിരിച്ചടിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനും (WHCA) മറ്റ് മാധ്യമങ്ങളും രംഗത്തുവന്നു. 'വൈറ്റ് ഹൗസ് എന്നത് അമേരിക്കന്‍ ജനതയുടേതാണ്. അവിടെയെടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നടപ്പിലാക്കുന്നത്.' - എം.എസ്.നൗ പ്രതികരിച്ചു.
ഗവണ്‍മെന്റിന്റെ ഇടപെടലുകളോ തടസ്സങ്ങളോ ഇല്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എസ് ഭരണഘടന തങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നും, ഈ വിലക്ക് ആ അവകാശത്തിന്മേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും സി.എന്‍.എന്‍ വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന യു.എസ് ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണിതെന്ന് ഡബ്ല്യു.എച്ച്.സി.എ (WHCA) കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ ഉള്ളടക്കം നോക്കി ഏകപക്ഷീയമായി പ്രവേശനം നിഷേധിക്കാന്‍ വൈറ്റ് ഹൗസിന് അവകാശമില്ലെന്ന് കോടതികള്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
ട്രംപിന്റെ ഭരണകാലത്ത് മാധ്യമങ്ങളുമായുള്ള ബന്ധം എപ്പോഴും ഉലച്ചിലുകള്‍ നിറഞ്ഞതായിരുന്നു. തന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ അദ്ദേഹം ഇതിനുമുന്‍പും മാനനഷ്ടക്കേടുകളും മറ്റും ഫയല്‍ ചെയ്തിട്ടുണ്ട്. ഒന്നാം ഭരണകാലത്ത് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റയെ വിലക്കിയ നടപടി പിന്നീട് കോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 'മെക്‌സിക്കോ ഉള്‍ക്കടല്‍' എന്നതിന് പകരം താന്‍ നിര്‍ദ്ദേശിച്ച പേര് ഉപയോഗിച്ചില്ലെന്നതിന്റെ പേരില്‍ അസോസിയേറ്റഡ് പ്രസ് (AP) ഏജന്‍സിക്കും വൈറ്റ് ഹൗസ് പ്രവേശനം നിഷേധിച്ചിരുന്നു.
മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്കും വരും ദിവസങ്ങളില്‍ സമാനമായ വിലക്കുകള്‍ നേരിടേണ്ടി വന്നേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ കോടതിയെ സമീപിക്കുന്നത് വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം കൂടുതല്‍ രൂക്ഷമാക്കും.