ദുബായ്: യു.എ.ഇ നിവാസികള്‍ക്കും മടങ്ങിപ്പോയ പ്രവാസികള്‍ക്കുമായി എം.എസ്.എസ് ദുബായിയും പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും (പില്‍സ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'കുടുംബ നീതി മേള' 2026 ഒക്ടോബര്‍ 18 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ദുബായ് റാശിദിയ പേസ് സ്‌കൂളില്‍ നടക്കും.
യു.എ.ഇ ഗവണ്മെന്റ് 2026 കുടുംബ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഈ മേളയില്‍ കുടുംബ നിയമ പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം, വിവാഹമോചന കേസുകള്‍, ജീവനാംശം, വയോജന-ബാല പീഡന കേസുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും പ്രാമുഖ്യം നല്‍കുക. ഇതിനുപുറമെ പാസ്‌പോര്‍ട്ട്, വിസ, റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍, സാമ്പത്തിക-ബാങ്കിങ് തട്ടിപ്പുകള്‍, വാഹന അപകടങ്ങള്‍, സ്വത്തു സംബന്ധമായ വ്യവഹാരങ്ങള്‍, മറ്റ് സിവില്‍-ക്രിമിനല്‍ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും മേളയില്‍ വിദഗ്ധരുടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകും.
കേരള ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ്, പില്‍സ് അംഗവും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. പി.ടി. ഷിജീഷിന് നല്‍കി നീതി മേളയുടെ ഔദ്യോഗിക ബ്രോഷര്‍ പ്രകാശനം ചെയ്തു. പില്‍സ് ചെയര്‍മാന്‍ അഡ്വ. ഷാനവാസ് കാട്ടകത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ഫാമിലി കൗണ്‍സിലര്‍ സി.എ. റസാഖ്, എം.എസ്.എസ് ദുബായ് ട്രഷറര്‍ അബ്ദുല്‍ മുത്തലിഫ്, ഹൈക്കോടതി അഭിഭാഷകരായ അഡ്വ. ബീന പ്രസാദ്, അഡ്വ. ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അഡ്വ. ഷാനവാസ്, ഫയാസ് അഹ്‌മദ്, കെ.കെ. അഷ്റഫ് എന്നിവര്‍ രക്ഷാധികാരികളായും മോഹന്‍ എസ്. വെങ്കിട്ട് ചെയര്‍മാനും അഡ്വ. മുഹമ്മദ് സാജിദ് ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും നിയമപ്രശ്‌നങ്ങളില്‍ പെട്ടു കഴിയുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
Related News