റിയാദ്: തലസ്ഥാനമായ റിയാദിലേക്ക് ഹൂതി വിമതര്‍ ശനിയാഴ്ച പുലര്‍ച്ചെ തൊടുത്തുവിട്ട ബാസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഡിഫന്‍സ് ഫോഴ്‌സ് ആകാശത്തുവെച്ച് തകര്‍ത്തു. യെമനിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്. സൗദി തലസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ മിസൈല്‍ വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി വ്യക്തമാക്കി. യുദ്ധച്ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് മിസൈല്‍ ആകാശത്തുവെച്ച് നശിപ്പിച്ചതെന്നും, സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരുടെയും സുപ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഖ്യസേന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവരുന്നുണ്ട്.
എട്ട് ദശലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്ന റിയാദിലെ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ബോധപൂര്‍വ്വം ലക്ഷ്യമിടുന്ന ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണ പരമ്പരയാണിതെന്ന് അല്‍-മാലിക്കി കുറ്റപ്പെടുത്തി. റിയാദിന് പുറമെ ബൈഷ്, തായിഫ്, ഫര്‍സാന്‍, യാന്‍ബു എന്നിവിടങ്ങളിലും ഹൂതികള്‍ നടത്തിയ സമാന ആക്രമണശ്രമങ്ങള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ തടയാനും ശക്തമായ തിരിച്ചടി നല്‍കാനും സഖ്യസേനയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News