നാഗോയ: കൈപ്പാടകലെ പലതവണ നേട്ടങ്ങള്‍ കൈവിട്ടത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കനത്ത നിരാശ സമ്മാനിച്ചു. ഷൂട്ടിങ്ങിന് പിന്നാലെ ഇന്ത്യ വലിയ മെഡല്‍വേട്ട പ്രതീക്ഷിച്ച അത്‌ലറ്റിക്‌സിലും പ്രതീക്ഷിച്ച നേട്ടങ്ങള്‍ പൂര്‍ണമായി കൈവരിക്കാനായില്ല. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ മുന്നേറ്റം മന്ദഗതിയിലായി.
മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തി മികച്ച പ്രകടനം നടത്തിയെങ്കിലും വിജയപീഠത്തിലെത്തുന്നതില്‍ ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ഫൈനല്‍ മത്സരങ്ങളിലെ അവസാന ഘട്ടങ്ങളില്‍ നിര്‍ണായക പ്രകടനം പുറത്തെടുക്കാനാകാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊന്നായ ജ്യോതി യാരാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാനാകാതെ പിന്മാറിയതും വലിയ തിരിച്ചടിയായി. പരിശീലനത്തിനിടെയും മത്സരത്തിന് മുമ്പുള്ള വാമപ്പിനിടെയും ഉണ്ടായ ശാരീരിക പ്രശ്‌നങ്ങളാണ് പിന്മാറ്റത്തിന് കാരണമായത്. തൊട്ടുപിന്നാലെ ട്രിപ്പിള്‍ ജമ്പര്‍ പ്രവീണ്‍ ചിത്രവേലും പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് പിന്മാറി. ഇരുവരുടെയും കാര്യത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബാഡ്മിന്റണിലും വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേടാനായില്ല. പി.വി. സിന്ധുവും ഉന്നതി ഹൂഡയും വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ വ്യക്തിഗത ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. നേരത്തെ പുരുഷ ടീം വെങ്കലം നേടിയതാണ് ബാഡ്മിന്റണിലെ ഏക മെഡല്‍.
മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇനങ്ങളില്‍ അവസാന ഘട്ടത്തില്‍ ചെറിയ വ്യത്യാസത്തില്‍ വഴുതിപ്പോയ അവസരങ്ങളുടെ എണ്ണം കൂടുകയാണ്.
മെഡലുകള്‍ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച അത്‌ലറ്റിക്‌സ് ട്രാക്കില്‍ അഞ്ച് മെഡലുകള്‍ സ്വന്തമാക്കിയെങ്കിലും ഒരു സ്വര്‍ണം പോലും നേടാനാകാത്തതാണ് പ്രധാന നിരാശ. മലയാളി ലോംഗ്ജമ്പര്‍ ആന്‍സി സോജനും സാര്‍വേഷ് കുശാരെയും വെള്ളിയും തേജസ്വിന്‍ ശങ്കര്‍, പാര്‍വതി ചൗധരി, ഹരിത ഭദ്ര എന്നിവര്‍ വെങ്കലവും നേടി.
ഏറ്റവും നാടകീയമായ പോരാട്ടം വനിതകളുടെ ലോങ് ജമ്പിലായിരുന്നു. കേരളത്തിന്റെ ആന്‍സി സോജന്‍ അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റര്‍ ചാടി സ്വര്‍ണനിലയില്‍ എത്തിയിരുന്നു. എന്നാല്‍ അവസാന ശ്രമത്തില്‍ ചൈനയുടെ ഹുവാങ് യിന്‍യിങ് 6.55 മീറ്റര്‍ കണ്ടെത്തിയതോടെ ആന്‍സിയുടെ സ്വര്‍ണം വെറും രണ്ട് സെന്റിമീറ്ററിന് നഷ്ടമായി. അവസാന ശ്രമത്തില്‍ 6.49 മീറ്റര്‍ മാത്രമാണ് ആന്‍സിക്ക് കണ്ടെത്താനായത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസിലും ആന്‍സിക്ക് വെള്ളി.
അതിലും വേദനാജനകമായിരുന്നു ഷൈലി സിങ്ങിന്റെ അനുഭവം. അഞ്ചാം ശ്രമം വരെ 6.42 മീറ്ററുമായി മൂന്നാം സ്ഥാനത്തായിരുന്ന ഷൈലിക്ക് മെഡല്‍ ഉറപ്പാണെന്ന് തോന്നിച്ചെങ്കിലും അവസാന ശ്രമത്തില്‍ ചൈനയുടെ മെങ്‌യി ടാന്‍ 6.46 മീറ്റര്‍ ചാടിയതോടെ ഇന്ത്യന്‍ താരം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെറും നാല് സെന്റിമീറ്ററാണ് ഷൈലിയുടെ മെഡല്‍ പ്രതീക്ഷ ഇല്ലാതാക്കിയത്.
പുരുഷന്മാരുടെ ഹൈജമ്പിലും ഇന്ത്യയ്ക്ക് സമാനമായ തിരിച്ചടി. സാര്‍വേഷ് കുശാരെ മത്സരത്തിന്റെ വലിയൊരു ഭാഗവും ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2.25 മീറ്റര്‍ മറികടക്കാനാകാതെ പോയതോടെ ചൈനീസ് തായ്‌പെയുടെ ചാവോ ഹുവാന്‍ഫു മുന്നിലെത്തി. ഒടുവില്‍ സാര്‍വേഷ് വെള്ളിയില്‍ ഒതുങ്ങി.
വനിതകളുടെ 200 മീറ്ററില്‍ ഹരിത ഭദ്രയുടെ വെങ്കലവും ഫോട്ടോഫിനിഷിലൂടെയായിരുന്നു. 23.20 സെക്കന്‍ഡില്‍ ഓടിയ ഹരിത ജപ്പാന്റെ ഇഡോയെ വെറും 0.01 സെക്കന്‍ഡിനാണ് മറികടന്നത്. ഉന്നതി അയ്യപ്പ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Related News