ജിദ്ദ: സൗദി അറേബ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഡിജിറ്റല്‍ സുരക്ഷാ പരിശീലനം നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. ഗൂഗിള്‍ ഡോട്ട് ഓര്‍ഗിന്റെ (Google.org) പിന്തുണയോടെ ഇന്‍ജാസ് അല്‍-അറബ് (INJAZ Al-Arab) നടപ്പാക്കുന്ന പദ്ധതിയിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 126,000-ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ആരംഭിച്ച പദ്ധതി, ഗൂഗിളിന്റെ അറബിക് ഓണ്‍ലൈന്‍ സുരക്ഷാ പാഠ്യപദ്ധതിയായ 'അബ്താല്‍ അല്‍ ഇന്റര്‍നെറ്റ്' സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി 120,000 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 3,750 അധ്യാപകര്‍ക്കും 2,250 രക്ഷിതാക്കള്‍ക്കും പരിശീലനം ലഭിക്കുമെന്ന് ഇന്‍ജാസ് അല്‍-അറബ് വ്യക്തമാക്കി. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ലോകത്ത് സുരക്ഷിതമായി സഞ്ചരിക്കാനും, സ്‌കൂളുകളിലും വീടുകളിലും ഡിജിറ്റല്‍ ശീലങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മുതിര്‍ന്നവരെ പ്രാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ജനറല്‍ എജ്യുക്കേഷന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ സാദ് ബിന്‍ അവദ് അല്‍-ഹര്‍ബിയുടെ സാന്നിധ്യത്തില്‍ നടന്ന ഇന്‍ജാസ് സൗദി അറേബ്യ ദേശീയ മത്സരത്തിനിടയിലാണ് ഈ കൂട്ടായ്മ പ്രഖ്യാപിച്ചത്.
ഉത്തരവാദിത്തമുള്ള ഓണ്‍ലൈന്‍ പെരുമാറ്റം, ഡിജിറ്റല്‍ പൗരത്വം, സുരക്ഷ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നതിനായി സംവേദനാത്മക പഠന ഉപകരണങ്ങളാണ് 'അബ്താല്‍ അല്‍ ഇന്റര്‍നെറ്റ്' ഉപയോഗിക്കുന്നത്. യുവതലമുറയില്‍ സുസ്ഥിരമായ ഡിജിറ്റല്‍ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കും പരിശീലനം നല്‍കുന്നത്.
ഇന്‍ജാസ് അല്‍-അറബും ഗൂഗിളും തമ്മിലുള്ള മുന്‍കാല സഹകരണത്തിന്റെ തുടര്‍ച്ചയാണിത്. 2021 മുതല്‍ ഈ പങ്കാളിത്തത്തിലൂടെ സൗദിയില്‍ 76,000-ത്തിലധികം ആളുകള്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷാ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് സംഘടന അറിയിച്ചു.
കുട്ടികളെ ഡിജിറ്റല്‍ ലോകത്തിനായി സജ്ജമാക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും, കുട്ടികളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്നും ഇന്‍ജാസ് അല്‍-അറബ് പ്രസിഡന്റും സി.ഇ.ഒയുമായ അകേഫ് അഖ്രാബവി പറഞ്ഞു. ഗൂഗിള്‍.ഒര്‍ഗിന്റെ പുതിയ സഹായം രാജ്യത്തുടനീളമുള്ള കൂടുതല്‍ കുട്ടികളിലേക്ക് എത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ ലോകം നല്‍കുന്ന എല്ലാ അവസരങ്ങളും കുട്ടികള്‍ക്ക് സുരക്ഷിതമായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ഓരോ കുടുംബത്തിനും ഉണ്ടാകണമെന്ന് സൗദി അറേബ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ഗൂഗിള്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ആന്‍ഡ് പബ്ലിക് പോളിസി മേധാവി സാറ അല്‍-ഹുസൈനി വ്യക്തമാക്കി.
ഡിജിറ്റല്‍ ഇടങ്ങള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു. ക്ലാസ് മുറികള്‍ക്ക് പുറത്തേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് വലിയ നേട്ടമാണെന്നും, ആയിരക്കണക്കിന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന പരിശീലനം സ്‌കൂളിലെ പഠനവും വീട്ടിലെ മാര്‍ഗനിര്‍ദ്ദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Related News