നാഗോയ: ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ചരിത്രനിമിഷത്തിന് സാക്ഷിയായി ഏഷ്യന്‍ ഗെയിംസ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 54.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ തമിഴ്‌നാട്ടുകാരി വിദ്യ രാംരാജ് ഇതിഹാസതാരം പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് മറികടന്നു. 1984ല്‍ ലോസ്ആഞ്ചലസ് ഒളിംപിക്‌സില്‍ ഉഷ സ്ഥാപിച്ച 55.42 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് വിദ്യ തിരുത്തിയത്.
28കാരിയായ കോയമ്പത്തൂര്‍ താരം ട്രാക്കില്‍ നൃത്തം ചെയ്താണ് സന്തോഷം പ്രകടിപ്പിച്ചത്. ഏറെക്കാലമായി ഉഷയുടെ റെക്കോര്‍ഡിന് സമീപമെത്തിയിരുന്ന വിദ്യ ഒടുവില്‍ നിര്‍ണായക വേദിയില്‍ തന്നെ ചരിത്രം തിരുത്തുകയായിരുന്നു.
'റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്. നമ്മള്‍ നിശ്ചയിച്ച അതിരുകള്‍ അടുത്ത തലമുറ മറികടക്കുന്നത് ഒരു താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്,' പി.ടി. ഉഷ സമൂഹമാധ്യമത്തിലൂടെ വിദ്യയെ അഭിനന്ദിച്ചു.
വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യുഎഇയുടെ മറിയം കരീം 54.31 സെക്കന്‍ഡില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കസാഖിസ്ഥാന്റെ അഡെലിന സെംസ് 54.58 സെക്കന്‍ഡില്‍ വെള്ളിയും നേടി. വ്യക്തിഗത മികച്ച സമയത്തോടെയാണ് വിദ്യ വെങ്കലത്തിലെത്തിയത്. നേരത്തെ മിക്‌സഡ് 4-400 മീറ്റര്‍ റിലേയിലും വെള്ളി നേടിയ വിദ്യയുടെ ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്.
അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് മറ്റൊരു സംഭാവന നല്‍കിയത് ഗുല്‍വീര്‍ സിങ്ങാണ്. പുരുഷന്മാരുടെ 1500 മീറ്ററില്‍ 3:36.72 എന്ന വ്യക്തിഗത മികച്ച സമയത്തോടെ ഗുല്‍വീര്‍ വെള്ളി നേടി. ഈ ഗെയിംസിലെ 10,000 മീറ്ററിലും വെള്ളി നേടിയിരുന്ന ഗുല്‍വീറിന്റെ രണ്ടാം മെഡലാണിത്. ജപ്പാന്റെ കസുതോ ഇസാവ സ്വര്‍ണം നേടിയപ്പോള്‍ സഹതാരം നാഗിയ മോറി വെങ്കലം നേടി.
വനിതകളുടെ 5000 മീറ്ററിലും ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണജേതാവായ പരുള്‍ ചൗധരി 15:14.61 സെക്കന്‍ഡില്‍ മൂന്നാമതെത്തി. ബഹ്‌റൈന്റെ വിന്‍ഫ്രഡ് യാവി സ്വര്‍ണവും ജപ്പാന്റെ നൊസോമി തനക വെള്ളിയും നേടി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും വെങ്കലം നേടിയ പരുളിന്റെ ഗെയിംസിലെ രണ്ടാം മെഡലാണിത്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെക്ക് സ്വര്‍ണം നിലനിര്‍ത്താനായില്ല. നാലാം സ്ഥാനത്താണ് ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത്. വനിതകളുടെ 10,000 മീറ്ററില്‍ വെങ്കലം നേടിയ സീമ 5000 മീറ്ററില്‍ ആറാം സ്ഥാനത്തെത്തി.
Related News