കഠ്മണ്ഡു: മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ ഹിമാലയന്‍ നിരകളില്‍ ക്യാമ്പ് ചെയ്തിരുന്ന പര്‍വതാരോഹക സംഘത്തിന് മേല്‍ ഹിമപാതമുണ്ടായി. അപകട സ്ഥലത്തുനിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. നോര്‍ത്ത് സെന്‍ട്രല്‍ നേപ്പാളിലെ 7,126 മീറ്റര്‍ (23,380 അടി) ഉയരമുള്ള ഹിംലുങ് പര്‍വതത്തില്‍ ഞായറാഴ്ചയാണ് ഹിമപാതമുണ്ടായത്.
മനാങ് ജില്ലയിലെ ഹിംലുങ് ഹിമാല്‍ കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് വലിയ തോതില്‍ ഹിമപാതം പതിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 10 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വിദേശ പര്‍വതാരോഹകര്‍ക്ക് മുന്നേ ക്യാമ്പ് സജ്ജീകരിക്കാനും റോപ്പുകള്‍ ഉറപ്പിക്കാനുമായി എത്തിയ നേപ്പാള്‍ സ്വദേശികളായ പര്‍വതാരോഹകരും സപ്പോര്‍ട്ട് സ്റ്റാഫുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
ടിബറ്റന്‍ അതിര്‍ത്തിയിലുള്ള ഈ കൊടുമുടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ഹിമപാതമുണ്ടായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പെട്ടെന്ന് തന്നെ സംഭവസ്ഥലത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. കഠ്മണ്ഡുവില്‍ നിന്നും അനുഭവസമ്പന്നരായ പര്‍വതാരോഹകരുടെ സംഘത്തെ ഹെലികോപ്റ്റര്‍ മാര്‍ഗം അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ പര്‍വതാരോഹണ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ നേപ്പാളിലെ പര്‍വതമേഖലകളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. അവലാഞ്ച് ഭീഷണി രൂക്ഷമായതിനെത്തുടര്‍ന്ന് ലോകത്തിലെ എട്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ മാനസലുവില്‍ നിന്നും പര്‍വതാരോഹകരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും കനത്ത മഴയും മോശം കാലാവസ്ഥയും തുടരുകയാണ്. ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് 50-ലധികം ആളുകള്‍ മരിച്ചു. ബാങ്കോക്കില്‍ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനിലെ ടോക്കിയോയിലും സമീപ പ്രവിശ്യകളിലും ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മണ്ണിടിച്ചിലിലും നാല് പേര്‍ മരിച്ചു.
Related News