ലഖ്‌നൗ: ഏറെക്കാലമായി പാര്‍ട്ടി, സര്‍ക്കാര്‍ പദവികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സ്മൃതി ഇറാനിയും വരുണ്‍ ഗാന്ധിയും ബി.ജെ.പിയില്‍ സജീവമാവുന്നു. ഇരുവരും ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയേക്കും. മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന സ്മൃതി ഇറാനിക്ക് ഈയിടെ ഉയര്‍ന്ന പാര്‍ട്ടി പദവി ലഭിച്ചിരുന്നു. വരുണ്‍ ഗാന്ധി ഏറെക്കാലമായി പാര്‍ട്ടിയുമായി അകന്നുനില്‍ക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 16ന് നടക്കുകയാണ്. നിലവിലെ നിയമസഭാ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി എട്ട് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടി (എസ്പി) രണ്ട് സീറ്റുകളും നേടാനാണ് സാധ്യത. ബി.ജെ.പി സ്ഥാനാര്‍ഥികളെ ഒക്ടോബര്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുന്‍ ബസ്തി എം.പി ഹരീഷ് ദ്വിവേദി എന്നിവരുടെ പേരുകള്‍ ബിജെപി പരിഗണിക്കുന്നു. ദേശീയ നേതൃത്വത്തില്‍ ഇരുവര്‍ക്കും അടുത്തിടെ പ്രധാന ചുമതലകള്‍ ലഭിച്ചതിന് പിന്നാലെയാണ് രാജ്യസഭയിലേക്ക് അയക്കാനുള്ള നീക്കമെന്നാണു സൂചന. മുന്‍ പിലിഭിത്ത് എം.പി വരുണ്‍ ഗാന്ധിയുടെ പേരും ചര്‍ച്ചയിലുണ്ട്.
ഒമ്പത് രാജ്യസഭാംഗങ്ങളുടെ കാലാവധി നവംബര്‍ 25ന് അവസാനിക്കുന്നതാണ് തെരഞ്ഞെടുപ്പിന് കാരണം. ബിജെപി നേതാക്കളായ അരുണ്‍ സിങ്, ഗീത ശാക്യ, നീരജ് ശേഖര്‍, ബ്രിജ് ലാല്‍, ബി.എല്‍. വര്‍മ്മ, സീമ ദ്വിവേദി, ഹര്‍ദീപ് സിങ് പുരി എന്നിവരുടെയും എസ്.പി നേതാവ് രാം ഗോപാല്‍ യാദവിന്റെയും ബി.എസ്.പിയുടെ രാംജി ഗൗതമിന്റെയും കാലാവധിയാണ് അവസാനിക്കുന്നത്. ബിജെപിയുടെ ദിനേശ് ശര്‍മ രാജിവെച്ച് ആന്‍ഡമാന്‍നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒരു സീറ്റ് നേരത്തേ തന്നെ ഒഴിവായിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറിമാരെ രാജ്യസഭയിലേക്ക് അയക്കുന്ന പതിവ് ബിജെപിക്കുണ്ട്. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായ മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനമായാണ് ഇതിനെ കാണുന്നത്. ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബീന്റെ പുതിയ ടീമില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി സ്മൃതി ഇറാനിയെ ഉള്‍പ്പെടുത്തിയിരുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനിക്ക് 2024ല്‍ മണ്ഡലം നിലനിര്‍ത്താനായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയോട് ഒരു ലക്ഷത്തിലധികം വോട്ടിനാണ് പരാജയപ്പെട്ടത്.
ഹരീഷ് ദ്വിവേദിക്കും ദേശീയ സംഘടനയില്‍ പുതിയ ഉത്തരവാദിത്തം ലഭിച്ചിട്ടുണ്ട്. 2014ലും 2019ലും ബസ്തിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപി ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിതനായ ദ്വിവേദിക്ക് കര്‍ണാടക, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതലയും ലഭിച്ചിട്ടുണ്ട്.
വരുണ്‍ ഗാന്ധിക്ക് ഇത് തിരിച്ചുവരവായിരിക്കും. കര്‍ഷകപ്രക്ഷോഭം, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ച വരുണ്‍ പിന്നീട് ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 2024ല്‍ പിലിഭിത്തില്‍ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നല്‍കിയതുമില്ല.
ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയാണ് വരുണ്‍ ഗാന്ധി മഞ്ഞുരുക്കിയത്. രാജ്യസഭയിലൂടെ അദ്ദേഹത്തെ വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്.
Related News