തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുന്നണ്ടായ മുന്‍തൂക്കം സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവിച്ചു. ഇരു നേതാക്കളും ഫേസ് ബുക്കിലൂടെ അതിരൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ വിജയിച്ച വാര്‍ഡുകള്‍ എല്‍ഡിഎഫിന് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ ഇടതുമുന്നണിയില്‍ അര്‍പ്പിച്ച വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് ചെങ്കൊടിക്കുതിപ്പ് എന്ന പേരില്‍ പിണറായി വിജയനും ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ ഒപ്പം എന്ന പേരില്‍ ഗോവിന്ദനും എഴുതിയ കുറിപ്പില്‍ അവകാശപ്പെട്ടു.
12 ജില്ലകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടി ഇടതുമുന്നണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണ 15 സീറ്റുകളില്‍ ജയിച്ച എല്‍ഡിഎഫ് ഇത്തവണ സീറ്റുകളുടെ എണ്ണം 18 ആയി ഉയര്‍ത്തിയപ്പോള്‍, യുഡിഎഫിന്റെ സീറ്റ് നില 22-ല്‍ നിന്നും 19 ആയി കുറഞ്ഞു. ഭൂരിപക്ഷം നഷ്ടപ്പെട്ട ഇടങ്ങളിലും എല്‍ഡിഎഫ് വോട്ട് കുത്തനെ വര്‍ധിപ്പിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണ്. പത്ത് വര്‍ഷമായി ഇല്ലാതിരുന്ന പവര്‍ കട്ട് തിരികെ വന്നു. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്പോണ്‍സര്‍ഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും പസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്‍കലും, സംഘപരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരുമായി സര്‍ക്കാര്‍ അധഃപതിക്കുകയാണ്. അനുദിനം സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വ്യക്തമായ മുന്‍തൂക്കം ലഭിച്ച നിരവധി ഇടങ്ങളില്‍ ഇക്കുറി എല്‍ഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
യുഡിഎഫിലെ രണ്ട് എംഎല്‍എമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിനായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷന്‍, ചിറ്റൂര്‍ നഗരസഭയിലെ പരുത്തിക്കാവ് വാര്‍ഡ് എന്നിങ്ങനെ യുഡിഎഫ് എംഎല്‍എമാര്‍ ജയിച്ച ഇടങ്ങളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂര്‍, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം എംഎല്‍എമാര്‍ ജയിച്ചിരുന്ന വാര്‍ഡുകളില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് എംഎല്‍എ 2273 വോട്ടിന് ജയിച്ച വാര്‍ഡില്‍ ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന് മൂന്നു സീറ്റുകള്‍ നഷ്ടമായി. പാലക്കാട് ജില്ലയിലെ ഏഴു സീറ്റില്‍ അഞ്ചെണ്ണം വിജയിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ അതിലൊന്ന് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തതാണ്.
എം.വി ഗോവിന്ദന്‍
വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നിരന്തരമായ കുപ്രചരണങ്ങളെ അതിജീവിച്ച് ഈ വിജയം ഉറപ്പാക്കാന്‍ രാപ്പകല്‍ പ്രയത്നിച്ച എല്‍ഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍. സ്പോണ്‍സേര്‍ഡ് സര്‍ക്കാരും മന്ത്രിമാരുടെ സ്പോണ്‍സേര്‍ഡ് യാത്രകളും, പവര്‍കട്ടും, വിലക്കയറ്റവും, മരുന്ന് ക്ഷാമവും, സ്വകാര്യവല്‍ക്കരണ നിലപാടുകളും, സംഘപരിവാര്‍ വിധേയത്വവുമെല്ലാം ജനങ്ങളില്‍ വലിയ മടുപ്പുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ജനങ്ങള്‍ നല്‍കിയ ശക്തമായ താക്കീതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേര്‍ക്കുമെന്ന പ്രഖ്യാപനമാണിത്. ഇടതുപക്ഷത്തെ ഇല്ലാതാക്കിക്കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണിത്. തിരുത്തി തിരിച്ചുവരുമെന്ന ഇടതുപക്ഷ നിലപാട് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഈ ജനവിശ്വാസം കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് വലിയ ഊര്‍ജ്ജം പകരുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.