ടെഹ്റാന്‍: തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഔദ്യോഗിക മറുപടി കാത്തിരിക്കുന്നതിനിടയിലാണ് ഇറാന്റെ പുതിയ ഭീഷണി.
'ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ മേഖലയില്‍ മറ്റാരും എണ്ണ വില്‍ക്കില്ല; ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഒരിടത്തും ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായി അവശേഷിക്കില്ല,' പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഘര്‍ ഗാലിബാഫ് സ്റ്റേറ്റ് ടിവിയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി അവസാന വാരം യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കച്ചവടക്കപ്പലുകളുടെ യാത്ര ഇറാന്‍ പൂര്‍ണ്ണമായി തടഞ്ഞിരിക്കുകയാണ്. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ലോകത്തിലെ മൊത്തം എണ്ണയുടെയും എല്‍എന്‍ജിയുടെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന പ്രധാന പാതയാണിത്.
അതേസമയം, ഖത്തര്‍ ഇടനിലക്കാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അമേരിക്കയുടെ അന്തിമ മറുപടി ഉടന്‍ ലഭിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക, മരവിപ്പിച്ച വിദേശ ആസ്തികള്‍ തിരികെ നല്‍കുക, എണ്ണ ഉപരോധം പിന്‍വലിക്കുക തുടങ്ങിയ കടുത്ത ഉപാധികളാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന്‍ മുന്നോട്ടുവെക്കുന്നത്.
കടലിടുക്ക് പൂര്‍ണ്ണതോതില്‍ തുറന്നിട്ടുണ്ടെന്ന യുഎസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ്, ഇരുളിന്റെ മറവില്‍ ഏതാനും കപ്പലുകള്‍ രഹസ്യമായി കടത്തിവിടുന്നത് കടലിടുക്ക് തുറന്നതായി കണക്കാക്കാനാകില്ലെന്നും മുന്നറിയിപ്പ് നല്‍കി.
Related News