ജിദ്ദ: അറേബ്യന്‍ ഗള്‍ഫ് കപ്പ് (ഗള്‍ഫ് 27) ഗ്രൂപ്പ് എയിലെ നിര്‍ണായകമായ അവസാന റൗണ്ട് പോരാട്ടത്തില്‍ സൗദി അറേബ്യ ഇന്ന് ഇറാഖിനെ നേരിടും. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 8:30-നാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ജേതാക്കളെയും സെമി ഫൈനലിലേക്കുള്ള അവസാന യോഗ്യതാ ടിക്കറ്റും നിര്‍ണയിക്കുന്നതാണ് ഈ പോരാട്ടം. ഡച്ച് റെഫറി ഡാനി മക്കിലിയാണ് മത്സരം നിയന്ത്രിക്കുന്നത്.
കുവൈറ്റിനെയും ഒമാനെയും തോല്‍പ്പിച്ച്, ഇതുവരെ ഗോളുകളൊന്നും വഴങ്ങാതെ 6 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതുള്ള സൗദി അറേബ്യ നേരത്തെ തന്നെ സെമി ഫൈനല്‍ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഒരു ജയവും ഒരു സമനിലയുമായി 4 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ഇറാഖിന് സെമിയിലെത്താന്‍ കുറഞ്ഞത് ഒരു സമനില എങ്കിലും വേണം. ഒരു പോയിന്റുള്ള ഒമാനും സെമി പ്രതീക്ഷയുണ്ടെങ്കിലും, കുവൈറ്റിനെ പരാജയപ്പെടുത്തുകയും ഇറാഖ് സൗദിയോട് തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് സാധ്യത തെളിയൂ.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായിട്ടായിരിക്കും സെമി പോരാട്ടം എന്നതിനാല്‍, ഒന്നാം സ്ഥാനം നിലനിര്‍ത്തുക സൗദിക്ക് അത്യന്താപേക്ഷിതമാണ്. നിലവില്‍ യു.എ.ഇയും ഖത്തറുമാണ് ഗ്രൂപ്പ് ബിയില്‍ 6 പോയിന്റോടെ മുന്നിലുള്ളത്.
സൗദിയുടെ ഗ്രീക്ക് പരിശീലകന്‍ യോര്‍ഗോസ് ഡോണിസ് സന്തുലിതമായ ഒരു ടീമിനെയായിരിക്കും ഇന്ന് കളത്തിലിറക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ പ്രതിരോധ താരം ഹസന്‍ കദാഷ് അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റത് സൗദി നിരയെ ബാധിച്ചിട്ടുണ്ട്. മുന്‍ ഫ്രഞ്ച് പരിശീലകന്‍ ഹെര്‍വ് റെനാര്‍ഡിന് പകരം കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഡോണിസ് സൗദി ടീമിന്റെ ചുമതലയേറ്റെടുത്തത്. 2027 ജൂലൈ വരെയാണ് അദ്ദേഹത്തിന്റെ കരാര്‍.
Related News