ജിദ്ദ: കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളോടെ ജിദ്ദ ശറഫിയ്യയിലെ അല്‍ ഹുദാ മദ്‌റസ സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.
മദ്‌റസാ പ്രിന്‍സിപ്പല്‍ ലിയാഖത്ത് അലി ഖാന്‍ ചടങ്ങില്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നു. 'നാം ഇന്ത്യക്കാരാണെങ്കിലും നമ്മില്‍ ഭൂരിഭാഗം പേരുടെയും ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് സൗദി അറേബ്യയിലാണ്. ഇന്ത്യ നമുക്ക് പെറ്റമ്മയാണെങ്കില്‍ സൗദി അറേബ്യ നമ്മുടെ പോറ്റമ്മയാണ്. നമ്മെ പോറ്റിവളര്‍ത്തുന്ന ഈ രാജ്യത്തോടും ഇവിടുത്തെ ഭരണാധികാരികളോടും നന്ദിയും കൂറും പുലര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയും ബാധ്യതയുമാണ്,' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാസികളായ നമ്മെ ചേര്‍ത്തുപിടിക്കുകയും ഉപജീവനമൊരുക്കുകയും ചെയ്ത ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി നാം സദാ പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ സമാധാനവും സമൃദ്ധിയും എന്നും നിലനില്‍ക്കട്ടെയെന്നും രാജ്യത്തിനും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും കൂടുതല്‍ സന്തോഷവും സമാധാനവും വിജയങ്ങളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മദ്‌റസാ വിദ്യാര്‍ഥികള്‍ ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഐദ അന, ഐസ മെഹക്, ശസ നഹ്‌റിന്‍, ഇഫ്ര, ഇനാറ, ഫാദി ഫിറോസ്, മിസ്ഹബ് അബ്ദുല്ല എന്നിവര്‍ ദേശീയ ദിന സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. ആക്കിഫ് അര്‍ഷാദ് മലയാള ഗാനം ആലപിച്ചു.മദ്‌റസാ അധ്യാപകരും മാനേജ്‌മെന്റ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News