ജിദ്ദ: 27ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടത്തിനായി സൗദി അറേബ്യയും യു.എ.ഇയും നേര്‍ക്കുനേര്‍. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നാളെ രാത്രി 11.30നാണ് ഫൈനല്‍. ഗള്‍ഫ് മേഖലയിലെ പരമ്പരാഗത ഫുട്‌ബോള്‍ വൈരികളായ രണ്ടു ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നതിനാല്‍ ആവേശകരമായ ഫൈനലിനാണ് അരങ്ങൊരുങ്ങുന്നത്.
വിഭിന്നമായ വഴികളിലൂടെയാണ് ഇരു ടീമുകളും സെമിഫൈനലിലേക്ക് മുന്നേറിയത്. ജോര്‍ജിയോസ് ഡോണിസിന്റെ പരിശീലനത്തിന് കീഴില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സൗദി അറേബ്യ ഫൈനല്‍ റൗണ്ടിലെത്തിയത്. ആക്രമണത്തിലും പ്രതിരോധത്തിലും സ്ഥിരത പുലര്‍ത്തിയ ഗ്രീന്‍ ഫാല്‍ക്കണ്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്.
എന്നാല്‍ സെമിഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല. 120 മിനിറ്റിലും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് സൗദി ഫൈനല്‍ ഉറപ്പിച്ചത്.
സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം സൗദിക്ക് ഫൈനലില്‍ നിര്‍ണായകമാകാം. എന്നാല്‍ സെമിഫൈനലില്‍ 120 മിനിറ്റ് കളിക്കേണ്ടിവന്നത് കളിക്കാര്‍ക്ക് പരീക്ഷണമാകാനും സാധ്യതയുണ്ട്.
മറുവശത്ത് മുന്‍ ക്രൊയേഷ്യ പരിശീലകന്‍ സ്ലാര്‍കൊ ദാലിച് ചുമതലയേറ്റതിന് ശേഷം യു.എ.ഇയുടെ പ്രകടനത്തില്‍ വ്യക്തമായ മാറ്റമാണ് കാണുന്നത്. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് അവര്‍ സെമിയിലെത്തിയത്.
സെമിഫൈനലില്‍ ഒമാനെ 1-0ന് തോല്‍പ്പിച്ചാണ് യു.എ.ഇ ഫൈനല്‍ ടിക്കറ്റ് നേടിയത്. മത്സരത്തിന്റെ 22ാം മിനിറ്റില്‍ ഉസ്മാന്‍ കമാര നേടിയ ഗോളാണ് ടീമിന് വിജയം സമ്മാനിച്ചത്.
പ്രതിരോധത്തില്‍ കൂടുതല്‍ അച്ചടക്കവും മത്സരത്തിന്റെ ഗതി നിയന്ത്രിക്കാനുള്ള കഴിവുമാണ് ഡാലിച്ചിന്റെ ടീമിന്റെ പ്രധാന സവിശേഷത. സെമിയില്‍ ഒമാനെതിരെ ലീഡ് നേടിയ ശേഷം അത് കാത്തുസൂക്ഷിച്ചതും ടീമിന്റെ തന്ത്രപരമായ പക്വതയുടെ സൂചനയായി.
സൗദിക്ക് സ്വന്തം മണ്ണും ആരാധകരുടെ പിന്തുണയും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച വിജയ റെക്കോര്‍ഡും കരുത്താണ്. യു.എ.ഇയ്ക്ക് ഡാലിച്ചിന്റെ തന്ത്രപരമായ സ്വാധീനവും സമീപകാലത്തെ മെച്ചപ്പെട്ട പ്രകടനവും ആത്മവിശ്വാസം നല്‍കുന്നു.
ഫൈനലില്‍ ആദ്യ ഗോള്‍ നിര്‍ണായകമാകാനുള്ള സാധ്യത കൂടുതലാണ്. സൗദി തുടക്കം മുതല്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ യു.എ.ഇയുടെ സംഘടിത പ്രതിരോധത്തെ മറികടക്കുക എളുപ്പമാകില്ല. മറുവശത്ത്, യു.എ.ഇ പ്രതിരോധത്തില്‍ ഉറച്ചുനിന്ന് കൗണ്ടര്‍ ആക്രമണങ്ങളിലൂടെ അവസരങ്ങള്‍ സൃഷ്ടിക്കാനാകും ശ്രമിക്കുക.
സെമിഫൈനലിലെ സൗദിയുടെ പെനാല്‍റ്റി വിജയം മത്സരത്തിന്റെ സമ്മര്‍ദം കൈകാര്യം ചെയ്യാനുള്ള ടീമിന്റെ കഴിവും വ്യക്തമാക്കിയിട്ടുണ്ട്.
Related News