റിയാദ്: ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി കിങ് സൗദ് സര്‍വകലാശാല സംഘടിപ്പിച്ച 'ഹെല്‍ത്തോണ്‍ 2026' ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്നൊവേഷന്‍ ഹാക്കത്തോണ്‍ സമാപിച്ചു. 2026 ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെ സര്‍വകലാശാലയുടെ പ്രധാന ഹാളില്‍ നടന്ന പരിപാടിയില്‍ നവീന ആശയങ്ങളുമായി എത്തിയ പ്രതിഭകളും വിദഗ്ധരും ആരോഗ്യ സാങ്കേതികവിദ്യയില്‍ താല്‍പര്യമുള്ളവരും പങ്കെടുത്തു.
പത്ത് ലക്ഷം സൗദി റിയാലിലധികം സമ്മാനത്തുക പ്രഖ്യാപിച്ച ഹാക്കത്തോണ്‍, ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള വലിയ വേദിയായി മാറി. മികച്ച ആശയങ്ങളെയും പദ്ധതികളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അവയെ പ്രായോഗികമായി നടപ്പാക്കാനും വിപുലീകരിക്കാനും കഴിയുന്ന സംരംഭങ്ങളാക്കി മാറ്റുന്നതിന് പരിപാടി പിന്തുണ നല്‍കി.
നാലുദിവസത്തെ പരിപാടിയില്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തോടെ ആശയങ്ങള്‍ വികസിപ്പിക്കാനും പരിഷ്‌കരിക്കാനും പങ്കെടുത്ത ടീമുകള്‍ക്ക് അവസരം ലഭിച്ചു. ആരോഗ്യരംഗത്ത് ദീര്‍ഘകാല പ്രയോജനം സൃഷ്ടിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കായിരുന്നു ഇതില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത്. എന്‍ജിനീയര്‍ സല്‍മാന്‍ ഖാലിദ് ബഖ്ഷ് ടീമുകളുടെ മെന്ററായി പ്രവര്‍ത്തിച്ചു.
എന്‍ജിനീയര്‍ മുബാറക് അല്‍ശഹ്റാനി, എന്‍ജിനീയര്‍ മെര്‍വത് അല്‍റസ്സാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കിങ് സൗദ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റി സംഘമാണ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയത്.