ലണ്ടന്‍: ഇസ്രായേല്‍ എംബസിയില്‍ അതിക്രമിച്ചു കയറി കത്തിയുപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ച കുവൈറ്റ് സ്വദേശിക്ക് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരാജയപ്പെട്ട അഭയാര്‍ത്ഥിയായ അബ്ദുല്ല അല്‍ബദ്രിക്ക് (34) കുറഞ്ഞത് 20 വര്‍ഷമെങ്കിലും തടവ് ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയും രണ്ട് കത്തികള്‍ കൈവശം വെക്കുകയും ചെയ്തുവെന്ന കുറ്റം മെയ് മാസത്തില്‍ ജൂറി ശരിവെച്ചതിനെ തുടര്‍ന്നാണ് വിധി.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, വെസ്റ്റ് ലണ്ടനിലെ ഇസ്രായേല്‍ എംബസിയുടെ 2.4 മീറ്റര്‍ ഉയരമുള്ള വേലി ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് കത്തികളുമായി അല്‍ബദ്രിയെ സായുധ പൊലീസ് പിടികൂടിയത്. ഗാസയിലെ കുട്ടികളുടെ കൊലപാതകത്തിന് ''പ്രതികാരം വീട്ടാനാണ്'' താന്‍ ശ്രമിച്ചതെന്ന് ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി.
എംബസിക്ക് ഉള്ളില്‍ താന്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും തന്നെ എന്തിനാണ് തടയുന്നതെന്നും അല്‍ബദ്രി പൊലീസിനോട് ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 'രക്തസാക്ഷി കുറിപ്പ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കത്തും പൊലീസ് കണ്ടെടുത്തിരുന്നു.
2021 ഓഗസ്റ്റിലും 2025 ഏപ്രിലിലും ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് രണ്ട് തവണ യുകെയില്‍ എത്തിയ അല്‍ബദ്രിയുടെ അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. കുവൈറ്റില്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെടുകയും പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തു എന്നായിരുന്നു ഇയാളുടെ വാദം.
കോടതിയില്‍ ജഡ്ജി ക്രിസ്റ്റിന ലാംബെര്‍ട്ട് ശിക്ഷ വിധിക്കുമ്പോള്‍ അല്‍ബദ്രി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് നിന്നത്. വിചാരണത്തടവറായി ജയിലില്‍ കഴിഞ്ഞ സമയം കണക്കിലെടുത്ത്, 20 വര്‍ഷത്തെ കുറഞ്ഞ ശിക്ഷാ കാലാവധി 18 വര്‍ഷവും 207 ദിവസവുമായി ക്രമീകരിച്ചതായി കോടതി അറിയിച്ചു.
Related News