ടെല്‍ അവീവ്: ഇസ്രയേലിലേക്ക് വരികയായിരുന്ന ഫ്‌ലൈ ദുബായ് വിമാന നിയന്ത്രണം ഏറ്റെടുത്ത് ഇടിച്ചിറക്കാന്‍ പൈലറ്റ് ശ്രമിച്ച സംഭവത്തില്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എഇ) അധികൃതര്‍ ഇസ്രയേലുമായി മുന്‍കൂട്ടി പങ്കുവെച്ചിരുന്നതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആക്രമണകാരി എങ്ങനെ സുരക്ഷാ പരിശോധനകളില്‍ നിന്ന് രക്ഷപെട്ടു എന്നതിനെക്കുറിച്ച് ഇത് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സംഭവത്തെ തുടര്‍ന്ന്, ഇസ്രയേലിലേക്കുള്ള വിദേശ സിവില്‍ വ്യോമയാനവുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിക്കാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവനോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു.
അന്വേഷണം പുരോഗമിക്കുമ്പോള്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകളാണ് പുറത്തുവരുന്നത്. തീവ്രവാദ ആശയങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒമാന്‍ പൗരനായ കോ-പൈലറ്റിനെ സ്വന്തം രാജ്യം പറക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നയതന്ത്ര ബന്ധമില്ലാത്ത ഒമാനില്‍ നിന്നുള്ള ഒരു പൗരന്‍ ഇസ്രയേലികളുമായി ടെല്‍ അവീവിലേക്ക് പറക്കാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതും ദുരൂഹമാണ്.
കഴിഞ്ഞ ബുധനാഴ്ച നടന്നത് 'ഭീകരാക്രമണ'മാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന യു.എഇ അറിയിച്ചു. കോക്പിറ്റിലെ കോടാലി ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ച കോ-പൈലറ്റ്, നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. 182 യാത്രക്കാരുമായി തകര്‍ന്നുവീഴാറായ വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോക്പിറ്റ് വാതില്‍ തുറന്നതോടെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇസ്രയേല്‍ ആശങ്ക പ്രകടിപ്പിച്ചില്ല
യാത്രക്കാരുടെയും ജീവനക്കാരുടെയും പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എമിറേറ്റ്‌സ് അധികൃതര്‍ കൈമാറിയിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ യാത്രക്കാരെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ ഇസ്രയേല്‍ ഒരു ആശങ്കയും പ്രകടിപ്പിച്ചിരുന്നില്ലെന്ന് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദേശ വിമാനങ്ങളിലെ പാസഞ്ചര്‍ ലിസ്റ്റ് പരിശോധിക്കേണ്ടത് ഗതാഗത മന്ത്രാലയമാണെന്ന് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് വ്യക്തമാക്കി. എന്നാല്‍ സുരക്ഷാ ഏജന്‍സികളാണ് ഫ്‌ലൈറ്റ് സുരക്ഷയ്ക്ക് ഉത്തരവാദികളെന്നും തന്റെ മന്ത്രാലയത്തിന് പാസഞ്ചര്‍ ലിസ്റ്റോ മുന്നറിയിപ്പോ ലഭിച്ചിട്ടില്ലെന്നും ഗതാഗത മന്ത്രി മിരി റെഗെവ് എക്‌സില്‍ കുറിച്ചു.
ലിസ്റ്റുകള്‍ കൈമാറുന്നത് സാധാരണ വ്യോമയാന നടപടിക്രമമാണെങ്കിലും, എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് ഗതാഗത മന്ത്രാലയത്തിലെ ഏവിയേഷന്‍ സെക്യൂരിറ്റി മേധാവി ഡെവിര്‍ റൂബന്‍സ്റ്റീന്‍ ആര്‍മി റേഡിയോയോട് പറഞ്ഞു.
സുരക്ഷാ വീഴ്ചകളില്‍ ചോദ്യങ്ങള്‍
യാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കിയെങ്കിലും, സുരക്ഷാ വീഴ്ചകളെച്ചൊല്ലി രാഷ്ട്രീയ പോര് ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, നെതന്യാഹുവിന്റെയും അനുയായികളുടെയും ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് ഇത് കാണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിമാനത്തിലെ ഒമാനി പൈലറ്റിനെ ഒരു സുരക്ഷാ ഭീഷണിയായി തിരിച്ചറിയുന്നതില്‍ ഫ്‌ലൈ ദുബായ് എയര്‍ലൈന്‍സിന് എങ്ങനെ തെറ്റുപറ്റി എന്നതിലും വ്യക്തതയില്ല. അതിര്‍ത്തി കടന്നുള്ള പശ്ചാത്തല പരിശോധനകളില്‍ വലിയ പരിമിതികളുണ്ടെന്ന് കോവെട്രി സര്‍വകലാശാലയിലെ ഏവിയേഷന്‍ സെക്യൂരിറ്റി വിസിറ്റിംഗ് പ്രൊഫസര്‍ ഫിലിപ്പ് ബൗം ചൂണ്ടിക്കാണിച്ചു.
Related News