ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആറിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷം സമരം ശക്തമാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ എം.പിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് നീങ്ങി പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ചു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹരായവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുന്നതായും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കപ്പെടുന്നതായും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ഒക്ടോബര്‍ ഏഴിന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കുമെതിരെ ഡല്‍ഹി പൊലീസ് മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിഷേധത്തിനിടെ പൊലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പൊലീസ് ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍.
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ.ആറിനെതിരായ സമരം അവസാനിപ്പിക്കില്ലെന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരായ എഫ്.ഐ.ആറുകളെ അംഗീകാരത്തിന്റെ മെഡല്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കര്‍ണാടകത്തിലെ ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ പീപ്പിള്‍സ് െ്രെടബ്യൂണല്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പട്ടികയുടെ എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയും യൂട്യൂബര്‍ ധ്രുവ് റാഠിയും പങ്കെടുത്തു. നടന്‍ പ്രകാശ് രാജും പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യതയും ഉത്തരവാദിത്തവും ചോദ്യം ചെയ്തായിരുന്നു ധ്രുവ് റാഠിയുടെ വിമര്‍ശനം.
എസ്.ഐ.ആറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ 'ചപ്പല്‍ പ്രതിഷേധം' നടത്താനും സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിക്ക് പുറമെ ബിഹാര്‍, തെലങ്കാന സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഡല്‍ഹിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ഒക്ടോബര്‍ 8 മുതല്‍ 12 വരെ 221 കമ്പനികളിലായി ഏകദേശം 23,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട നിയമപോരാട്ടവും തുടരുകയാണ്. കോണ്‍ഗ്രസിന്റെ യൂത്ത് വിഭാഗമായ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഒക്ടോബര്‍ ഒമ്പതിന് പരിഗണിക്കും.
Related News