ന്യൂഡല്‍ഹി: തായ്‌ലന്‍ഡിലെ ക്രാബിയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിലെ യാത്രക്കാരുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. യാത്രക്കാര്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ ഇടനാഴിയിലൂടെ കറങ്ങിനടക്കുകയും പരസ്പരം ഭക്ഷണം കൈമാറുകയും ചെയ്തതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തെ തുടര്‍ന്ന് വിമാനം ലോക്കല്‍ ട്രെയിന്‍ പോലെയായി എന്ന പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു.
ഇന്‍സ്റ്റഗ്രാം ഉപയോക്താവ് നീരജ് പ്രിയങ്ക ചൗധരി പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍. വിമാനത്തിന്റെ മുന്‍ഭാഗത്തെ ഏതാനും നിരകളില്‍ ഇരുന്ന യാത്രക്കാര്‍ സീറ്റുകളില്‍നിന്ന് എഴുന്നേറ്റ് പിന്നിലുള്ളവരുമായി സംസാരിക്കുന്നതും ഇടനാഴിയിലൂടെ സഞ്ചരിക്കുന്നതും പരസ്പരം ഭക്ഷണം കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
യാത്രക്കാരോട് സീറ്റുകളിലേക്ക് മടങ്ങാന്‍ രണ്ട് കാബിന്‍ ക്രൂ അംഗങ്ങള്‍ പലതവണ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ചിലര്‍ സംസാരിക്കുകയും ഭക്ഷണം കൈമാറുകയും ചെയ്‌തെന്നാണ് വീഡിയോ പങ്കുവെച്ച യാത്രക്കാരന്റെ ആരോപണം.
ആദ്യ അഞ്ച് നിരകളിലുണ്ടായിരുന്ന ഒരു സംഘം ഉച്ചത്തില്‍ സംസാരിക്കുകയും ഭക്ഷണം കൈമാറുകയും കാബിന്‍ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് അവഗണിക്കുകയും ചെയ്തുവെന്നാണ വിമാനത്തിനുള്ളിലെ കാഴ്ചയെക്കുറിച്ച് നീരജ് സമൂഹമാധ്യമത്തില്‍ എഴുതിയത്്. ഇതുമൂലം സമീപത്തെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് വിമാനം പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോകുകയും സീറ്റ് ബെല്‍റ്റ് നിര്‍ദേശം പ്രാബല്യത്തിലുണ്ടാവുകയും ചെയ്ത സമയത്താണ് ഈ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. സീറ്റ് ബെല്‍റ്റ് ലൈറ്റ് തെളിഞ്ഞതിനാല്‍ ദയവായി ഇരിക്കൂ എന്ന് കാബിന്‍ ക്രൂ ആവശ്യപ്പെട്ടിട്ടും യാത്രക്കാര്‍ അവഗണിച്ചു.
വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ആവര്‍ത്തിച്ച് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുകയും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ചിലരുടെ അഭിപ്രായം.
സംഭവത്തെക്കുറിച്ചോ യാത്രക്കാരന്റെ ആരോപണങ്ങളെക്കുറിച്ചോ ഇന്‍ഡിഗോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
Related News