റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ വ്യോമ പ്രതിരോധ സേന തകര്‍ത്ത ഹൂതി ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക് സമുച്ചയത്തിനും കേടുപാടുകള്‍ സംഭവിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് ഭൗതിക നാശനഷ്ടങ്ങളുണ്ടായതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കി. യെമനിലെ ഹൂതി മില്ലിേഷ്യയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്നും, ഇത്തരം സാഹചര്യങ്ങളിലെ പതിവ് സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആളപായമുണ്ടോ എന്നു വ്യക്തമല്ല.
ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ ആഴ്ചകളില്‍ സൗദി അറേബ്യയ്ക്ക് നേരേയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. റിയാദിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഖാമിസ് മുഷൈത്തിലേക്ക് തൊടുത്ത മറ്റൊരു മിസൈലും തടഞ്ഞിട്ടതായി യെമനിലെ സഖ്യസേന വ്യാഴാഴ്ച രാവിലെ അറിയിച്ചിരുന്നു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരേ ബുധനാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് അതീവ പ്രാധാന്യമുള്ള ബാബ് അല്‍-മന്ദബ് കടലിടുക്കിന് സമീപമുള്ള യെമന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഹൂതികളും യെമന്‍ സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരുകയാണ്.
സൗദി അറേബ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരെ ഹൂതി ഭീകരവാദികള്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ വെറുതെ വിടില്ലെന്ന് യെമനിലെ സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി വ്യക്തമാക്കി. ഹൂതികളുടെ സമീപകാല ആക്രമണങ്ങള്‍ക്ക് മറുപടിയായി സഖ്യസേനയുടെ സംയുക്ത സേന ശക്തമായ തിരിച്ചടി ആരംഭിച്ചതായും, ഇതിന്റെ ഭാഗമായി സാദ, അല്‍-ഹുദൈദ, അല്‍-ജൗഫ്, മാരിബ് എന്നീ ഗവര്‍ണറേറ്റുകളിലായി ഹൂതികളുടെ 82 സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തതായും അല്‍-മാലികി പ്രസ്താവനയില്‍ അറിയിച്ചു.
ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ (പ്രത്യേകിച്ച് സാദയിലെ പര്‍വതങ്ങളിലുള്ള 11 മിസൈല്‍ സംഭരണശാലകള്‍), കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മിസൈല്‍-ആയുധ ശേഖരണ കേന്ദ്രങ്ങള്‍, ഹൂതി ഭീകര ഗ്രൂപ്പുകളുടെ ഒത്തുകൂടല്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് സഖ്യസേന വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്.
Related News