സ്‌റ്റോക്‌ഹോം- 2026 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രശസ്ത കനേഡിയന്‍ കവയിത്രിയും ഉപന്യാസകാരിയുമായ ആനി കാര്‍സണ് ലഭിച്ചു. ക്ലാസിക്കല്‍ പാരമ്പര്യങ്ങളുമായി സംവാദം നടത്തി സമകാലിക സാഹിത്യത്തില്‍ പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച ധീരവും നൂതനവുമായ സാഹിത്യ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി സ്റ്റോക്ക്ഹോമില്‍ അറിയിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം യു.എസ്. ഡോളര്‍) അവാര്‍ഡ് തുക.
76-കാരിയായ ആനി കാര്‍സണ്‍ കവിത, ഉപന്യാസം, നാടകം, വിവര്‍ത്തനം എന്നിവയെ സമന്വയിപ്പിക്കുന്ന സവിശേഷ ശൈലിക്ക് പേരുകേട്ടയാളാണ്. പുരാതന ഗ്രീക്ക് സാഹിത്യത്തിലും ക്ലാസിക്കല്‍ പുരാവൃത്തങ്ങളിലും ആഴത്തിലുള്ള അറിവുള്ള കാര്‍സണ്‍, അവയെ ആധുനിക അനുഭവങ്ങളുമായി കോര്‍ത്തിണക്കിയാണ് കൃതികള്‍ രചിച്ചിട്ടുള്ളത്. 1998-ല്‍ പുറത്തിറങ്ങിയ 'ഓട്ടോബയോഗ്രഫി ഓഫ് റെഡ്' എന്ന പ്രശസ്തമായ വെഴ്‌സ് നോവല്‍ ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങള്‍ കാര്‍സണിന്റെ അക്കൗണ്ടിലുണ്ട്.
ടി.എസ്. എലിയറ്റ് പ്രൈസ്, ഗ്രിഫിന്‍ പോയട്രി പ്രൈസ് തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ മുന്‍പും കാര്‍സണിനെ തേടിയെത്തിയിട്ടുണ്ട്. വാക്കുകളുടെ ഉത്ഭവവും അര്‍ത്ഥതലങ്ങളും തേടിയുള്ള അന്വേഷണമാണ് തന്റെ എഴുത്തിന്റെ തുടക്കമെന്ന് വ്യക്തമാക്കിയ കാര്‍സണിന്റെ പുരസ്‌കാര നേട്ടം കനഡിയന്‍ സാഹിത്യലോകത്തിനും ആഗോള കവിതാ പ്രേമികള്‍ക്കും വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്.
Related News