ചെറുതോണി: തുലാവര്‍ഷം ശക്തമായതോടെ ഇടുക്കിയിലും തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കിയിലെ കല്ലാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചു. അതേസമയം, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി-മൂന്നാര്‍ റൂട്ടിലെ രണ്ടാം മൈലില്‍ കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. തിരുവനന്തപുരത്തെ വിതുരയിലും ശക്തമായ മഴയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.
കല്ലാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതും ജലനിരപ്പ് ഉയരുന്നതുമാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം. രാത്രി എട്ട് മണി മുതല്‍ നാല് ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താനാണ് തീരുമാനം. ഡാമിലെ നിലവിലെ ജലനിരപ്പ് 821 മീറ്ററാണ്. പരമാവധി സംഭരണനിരപ്പ് 824.48 മീറ്ററാണ്.
ഷട്ടറുകള്‍ തുറക്കുന്നതോടെ സെക്കന്‍ഡില്‍ 80 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചിന്നാര്‍, കല്ലാര്‍ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ദേശീയപാത നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് അടിമാലി-മൂന്നാര്‍ പാതയിലെ രണ്ടാം മൈലില്‍ കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചത്. അപകടകരമായ നിലയില്‍ മറ്റ് പാറകളും വന്‍മരങ്ങളും പ്രദേശത്തുള്ളതിനാല്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഗതാഗതം നിരോധിച്ചത്.
റോഡില്‍ പതിച്ച പാറ പൊട്ടിച്ചുനീക്കുന്നതിനും മറ്റ് തടസ്സങ്ങള്‍ സുരക്ഷിതമായി മാറ്റുന്നതിനും മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രവൃത്തികള്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി. വിദഗ്ധ സാങ്കേതിക സമിതി അപകടസാധ്യത ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ.
മൂന്നാറില്‍നിന്ന് അടിമാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ രണ്ടാം മൈലില്‍നിന്ന് തിരിഞ്ഞ് ആനച്ചാല്‍, ഇരുട്ടുകാനം വഴി യാത്ര തുടരണം. അടിമാലിയില്‍നിന്ന് മൂന്നാറിലേക്ക് പോകുന്നവര്‍ ഇരുട്ടുകാനത്തുനിന്ന് ആനച്ചാല്‍ വഴി രണ്ടാം മൈലിലെത്തണം. മാങ്കുളത്തേക്ക് പോകുന്നവര്‍ ഇരുട്ടുകാനത്തുനിന്ന് കല്ലാര്‍ ജങ്ഷനിലെത്തി തിരിയണം.
കനത്ത മഴയും പാറവീഴ്ചാ സാധ്യതയും കണക്കിലെടുത്ത് യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഡാം തുറക്കുന്നതിനാല്‍ പുഴയോരവാസികള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Related News