ജിദ്ദ: അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമാക്കി ടി.എം.ഡബ്ല്യു.എ ജിദ്ദ ഇന്‍-ഹൗസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയായി. അല്‍ ഫൈഹ ഡിസ്ട്രിക്റ്റിലെ അല്‍ അന്ദലൂസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലുള്ള 'വിവ ബാഡ്മിന്റണ്‍ അക്കാദമി'യുടെ പുതിയ കോര്‍ട്ടിലെ ഉദ്ഘാടന മത്സരങ്ങളായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ആവേശകരമായ മത്സരങ്ങള്‍ക്കും സൗഹൃദ സംഗമത്തിനും വേദിയായ ടൂര്‍ണമെന്റ്, നിഹാല്‍ അസ്ലമിന്റെ ഖുര്‍ആന്‍ പാരായണത്തോടെയാണ് ആരംഭിച്ചത്. ടി.എം.ഡബ്ല്യു.എ. പ്രസിഡന്റ് അര്‍ഷദ് അച്ചാരത്ത് ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അലി എ.പി.എം., സലീം വി.പി., അനീസ് എ.കെ. എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
'ബിഗിനേഴ്സ്', 'അമച്വര്‍', 'പ്രൊഫഷണല്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബിഗിനേഴ്സ് വിഭാഗത്തില്‍ ഉമര്‍ റഫീഖ് ഹംദാന്‍ ഇസാം സഖ്യത്തെ പരാജയപ്പെടുത്തി സഹദ് നഹല്‍ സഖ്യം ചാമ്പ്യന്മാരായി. അമച്വര്‍ വിഭാഗത്തിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഇഹാന്‍ നിഷാദ് ഫൈസാന്‍ ഫഹദ് സഖ്യത്തെ കീഴടക്കി മാസിന്‍ ഇര്‍ഫാന്‍ സഖ്യം കിരീടം ചൂടി. പ്രൊഫഷണല്‍ വിഭാഗത്തില്‍ ഗുല്‍സാര്‍ സജാദ് സഖ്യത്തെ പരാജയപ്പെടുത്തി നിഷാദ് ദാവൂദ് കൈതാല്‍ സഖ്യം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.
തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ ചീഫ് റഫറിയായ നാസര്‍ കണ്ണൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇവന്റ്‌സ് ഹെഡ് ഷംസീര്‍ കെ.എം. നിയന്ത്രിച്ച ചടങ്ങില്‍ ടി.എം.ഡബ്ല്യു.എ. പ്രസിഡന്റ് അര്‍ഷദ് അച്ചാരത്ത്, സെക്രട്ടറി മഖ്ബൂല്‍ കെ.കെ., എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിര്‍ഷാദ്, സിയാദ് കിടാരന്‍, ഷഹ്നാസ്, ഹസ്സന്‍ സഫറുള്ള, റഫീഖ് പെരൂള്‍, ദാവൂദ് കൈതാല്‍ എന്നിവരും അതിഥികളായ റാഷിദ്, അഹ്‌മദ് കബീര്‍ എന്നിവരും ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
Related News