വാഷിംഗ്ടണ്‍- പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവില്‍ മൂന്ന് ലക്ഷത്തിലധികം യു.എസ് വിസകള്‍ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതായി യു.എസ് ഭരണകൂടം അറിയിച്ചു. ഇമിഗ്രേഷന്‍ നയങ്ങള്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2025 ആരംഭിച്ചതിനു ശേഷം ഓഗസ്റ്റ് വരെ റദ്ദാക്കിയ വിസകളുടെ എണ്ണം 1,75,000 ആയിരുന്ന സ്ഥാനത്താണ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റദ്ദാക്കലുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
യു.എസ് ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള വിസ റദ്ദാക്കല്‍ പ്രക്രിയയാണിതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികളെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍, നിയമപരമായ അതിരുകള്‍ ലംഘിക്കുന്നതും, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതും, വംശീയമായ വേര്‍തിരിവുകള്‍ക്ക് വഴിവെക്കുന്നതുമാണ് ഈ തീരുമാനങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. വിസയുള്ള വിദേശികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, തട്ടിപ്പ് നടത്തുകയോ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുകയോ ചെയ്താല്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ടോമി പിഗോട്ട് പ്രസ്താവിച്ചു. ഫലസ്തീനെ പിന്തുണച്ചു പ്രതിഷേധിച്ച വിദേശികളുടെ വിസകള്‍ റദ്ദാക്കിയത് അടക്കമുള്ള തീരുമാനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. കൂടാതെ, രാഷ്ട്രീയ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവരുടെ വിസകള്‍ റദ്ദാക്കിയതും, കുടിയേറ്റക്കാരുടെയും വിസ അപേക്ഷകരുടെയും അക്കൗണ്ടുകള്‍ കൂടുതല്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
Related News