ദുബായ്- കേരളത്തില്‍ ഉണ്ടായ ദാരുണമായ കാറപകടത്തില്‍ സ്വന്തം മകന്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്, കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദുബായില്‍ ബോട്ടീക്ക് നടത്തുന്ന പ്രമുഖ ഇന്ത്യന്‍ ഡിസൈനര്‍ നൂഹ സജീവ് രംഗത്തെത്തി.
കരാമയില്‍ ബോട്ടീക്ക് നടത്തുന്ന ഇവര്‍ സ്ഥാപനത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ സന്ദേശം പങ്കുവെച്ചത്.
'വളരെ പ്രയാസമേറിയ ഈ സാഹചര്യത്തില്‍ ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും ഒരു സാധാരണ അമ്മയാണ്, എനിക്കെതിരെയും കുടുംബത്തിനെതിരെയും വ്യാജ പ്രചാരണങ്ങളും അഭ്യൂഹങ്ങളും പരത്തരുതെന്ന് അപേക്ഷിക്കുന്നു,' എന്ന് വീഡിയോയില്‍ അവര്‍ വ്യക്തമാക്കി.
കുട്ടികളെ എത്രത്തോളം സ്‌നേഹത്തോടെയും സ്വപ്നങ്ങളോടെയുമാണ് മാതാപിതാക്കള്‍ വളര്‍ത്തുന്നതെന്ന് തനിക്കറിയാമെന്നും അവരുടെ വേര്‍പാട് താങ്ങാനാവാത്തതാണെന്നും നൂഹ പറഞ്ഞു. കേസില്‍ സത്യസന്ധമായ അന്വേഷണം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 11-ന് കേരളത്തില്‍ വെച്ചാണ് നൂഹ സജീവിന്റെ 19 വയസ്സുകാരനായ മകന്‍ സുഹൈല്‍ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പര്‍ കാര്‍ മൂന്ന് യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചും ആശുപത്രിയില്‍ വെച്ചുമായാണ് സ്‌കൂട്ടറിലുണ്ടായിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടത്. അപകടസമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തുകയും സുഹൈലിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
അപകടത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എ.ഐ നിര്‍മ്മിത വ്യാജ വീഡിയോകളും തെറ്റായ പ്രചാരണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് നൂഹ സജീവ് പ്രതികരണവുമായി എത്തിയത്. നൂഹയുടെ ബോട്ടീക്കിന്റെ ഇന്‍സ്റ്റാഗ്രാം പേജുകളിലെ കമന്റ് സെക്ഷനുകള്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.
Related News