ഷാര്‍ജ- സ്‌കൂളുകളില്‍ പ്രോജക്ടുകള്‍ക്കും അസൈന്‍മെന്റുകള്‍ക്കും വിഷയങ്ങള്‍ ഗവേഷണം ചെയ്യാനും പുതിയ ആശയങ്ങള്‍ കണ്ടെത്താനും വിദ്യാര്‍ത്ഥികള്‍ക്ക് ചാറ്റ് ജി.പി.റ്റി ഉള്‍പ്പെടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിക്കാമെന്നും, എന്നാല്‍ പരീക്ഷ ഉത്തരങ്ങളും അസൈന്‍മെന്റുകളും പൂര്‍ണ്ണമായി എ.ഐ വഴി എഴുതിയെടുക്കാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനായി ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി പുതിയ ധാര്‍മ്മിക ചട്ടക്കൂട് പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ മാനേജ്മെന്റ്, രക്ഷിതാക്കള്‍ എന്നിവര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ സ്വകാര്യത, ഡാറ്റാ സുരക്ഷ, അക്കാദമിക് കൃത്യത എന്നിവ സംരക്ഷിച്ചുകൊണ്ട് ഡിജിറ്റല്‍ മാറ്റം സാധ്യമാക്കണം. അസൈന്‍മെന്റുകള്‍ വിദ്യാര്‍ത്ഥികളുടെ സ്വന്തം ക്രിയാത്മകതയും ചിന്താശേഷിയും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. എ.ഐ നല്‍കുന്ന വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം.
പ്രോജക്ടുകളില്‍ എ.ഐ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് എവിടെയൊക്കെ, ഏത് രീതിയില്‍ ഉപയോഗിച്ചു എന്ന് കൃത്യമായി രേഖപ്പെടുത്തണം.
എ.ഐ വിദ്യാര്‍ത്ഥികളുടെ പഠനശേഷിയും ചിന്താശേഷിയും കൂട്ടാനാണ് ഉപയോഗിക്കേണ്ടതെന്നും, അവരുടെ യുക്തിചിന്തക്ക് പകരമാകരുതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടു. പരീക്ഷകളിലും അസൈന്‍മെന്റുകളിലും വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ അറിവ് പരിശോധിക്കാന്‍ നേരിട്ടുള്ള ക്വിസുകളും മറ്റ് രീതികളും നടപ്പിലാക്കുമെന്നും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയിച്ചു.
Related News