ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മകനും ഫോട്ടോഗ്രാഫറുമായ റൈഹാന്‍ വാദ്രയുടെ ചിത്രപ്രദര്‍ശനത്തില്‍നിന്ന് പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ നീക്കിയതിനെച്ചൊല്ലി വിവാദം. ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ സംഘടിപ്പിച്ച 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 105 ചിത്രങ്ങളില്‍ 74 എണ്ണം അധികൃതരുടെ നിര്‍ദേശപ്രകാരം നീക്കേണ്ടിവന്നതായി റൈഹാന്‍ ആരോപിച്ചു. ബുധനാഴ്ച രാത്രി പ്രദര്‍ശനം ആരംഭിക്കാനിരിക്കെയാണ് സംഭവമുണ്ടായത്.
ഡല്‍ഹിയില്‍ നടന്ന യുവജന പ്രക്ഷോഭങ്ങളും വിവിധ പ്രതിഷേധ മുന്നേറ്റങ്ങളും രേഖപ്പെടുത്തിയ ചിത്രങ്ങളാണ് നീക്കിയതെന്ന് റൈഹാന്‍ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാവാത്തവയാന്നു പറഞ്ഞാണ് അധികൃതര്‍ നീക്കാനാവശ്യപ്പെട്ടതെന്ന് റൈഹാന്‍ ആരോപിച്ചു. ദേശീയപതാക ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളും നീക്കാന്‍ ആവശ്യപ്പെട്ടതായി റൈഹാന്‍ വ്യക്തമാക്കി. ഇതിലൊന്ന് താന്‍ വേദിയില്‍നിന്ന് മാറിനിന്ന സമയത്ത് അധികൃതര്‍ നീക്കിയെന്നും പ്രിയങ്കയുടെ പുത്രന്‍ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് റൈഹാന്‍ പറഞ്ഞു. ജനങ്ങള്‍ ഒരുമിച്ചുചേരുമ്പോള്‍ രൂപപ്പെടുന്ന താളവും കാവ്യാത്മകതയും കലാപരമായി പകര്‍ത്താനാണ് ശ്രമിച്ചതെന്നും റൈഹാന്‍ വ്യക്തമാക്കി.
പ്രദര്‍ശനത്തിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായ സമയത്താണ് ഉച്ചകഴിഞ്ഞ് 3.30ന് ചിത്രങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചത്. ബിക്കാനീര്‍ ഹൗസിലെ ഡെപ്യൂട്ടി റസിഡന്റ് കമ്മിഷണര്‍ മനോജ് സിങ്ങാണ് കത്ത് നല്‍കിയത്. വേദിയുടെ ബുക്കിങ് നയങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സമയവും രാഷ്ട്രീയ സാഹചര്യവും അനുയോജ്യമല്ലെന്ന് പ്രിന്‍സിപ്പല്‍ റസിഡന്റ് കമ്മിഷണര്‍ നേരത്തേ അറിയിച്ചിരുന്നതായും റൈഹാന്‍ ആരോപിച്ചു.
സംഭവത്തില്‍ ബിക്കാനീര്‍ ഹൗസ് അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. രാഷ്ട്രീയ വിവാദത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള ചിത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് അവര്‍ അൗദ്യോഗികമായി അറിയിച്ചു.
സംഭവത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദേശീയപതാകയുടെ ചിത്രത്തിനുപോലും സെന്‍സര്‍ഷിപ്പിന്റെ കത്രിക നേരിടേണ്ടിവരുന്നുവെങ്കില്‍ പ്രശ്‌നം കലയിലല്ല, ഭരണകൂടത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര സാമൂഹികമാധ്യമത്തില്‍ കുറിച്ചു. പ്രതിഷേധങ്ങളെ രേഖപ്പെടുത്തുക മാത്രമാണ് ചിത്രങ്ങള്‍ ചെയ്തതെന്നും അവയില്‍ അപകീര്‍ത്തികരമോ പ്രകോപനപരമോ ആയ ഒന്നുമില്ലെന്നും അദ്ദേഹം വാദിച്ചു.
ഒക്ടോബര്‍ 25 വരെ രാവിലെ 11 മുതല്‍ വൈകിട്ട് ഏഴുവരെ ബിക്കാനീര്‍ ഹൗസിലെ സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്ടില്‍ പ്രദര്‍ശനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നീക്കംചെയ്ത ചിത്രങ്ങള്‍ മറ്റൊരിടത്ത് പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അവയില്‍ പലതും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും റൈഹാന്‍ അറിയിച്ചു.
Related News